സൗദിയിൽ കുതിരയുടെ ആക്രമണത്തിൽ മരിച്ച രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിൽ മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്ന രാജസ്ഥാൻ സ്വദേശി മഹേന്ദ്രസിംഗ് (48) കുതിരയുടെ ആക്രമണത്തിൽ മരണപ്പെട്ട രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഒക്ടോബർ 16-ന് ഹഫർ അൽ ബാത്തിനിൽ നിന്ന് നൂറിലധികം കിലോമീറ്റർ അകലെയുള്ള മരുഭൂമിയിൽ വെച്ചായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

ജോലിയുടെ ഭാഗമായി കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിനിടെ കുതിരയുടെ ആക്രമണത്തിന് ഇരയായി താഴെ വീഴുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുകയും ചെയ്തു. പൊലീസ് റിപ്പോർട്ടിന്റെയും പോസ്റ്റ്മോർട്ടം പരിശോധനയുടെയും അടിസ്ഥാനത്തിൽ മരണത്തിൽ മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമനടപടികൾ ഒരു മാസത്തോളം നീണ്ടുനിന്നു. ഇന്ത്യൻ എംബസിയുടെയും ഒ.ഐ.സി.സി (OICC) ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെയും നേതൃത്വത്തിൽ സൗദി അധികൃതരുമായി നിരന്തരമായ ഏകോപനം നടത്തിയാണ് ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

മരണപ്പെട്ട് 28 ദിവസത്തിനുശേഷം നവംബർ 13-ന് ജിദ്ദ വിമാനത്താവളം വഴി ഡൽഹിയിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള സ്വദേശത്തേക്ക് കൊണ്ടുപോയ മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു. ഭാര്യ മുന്നി ദേവിയും പവൻ കുമാർ, നവീൻ കുമാർ, ഖുഷി എന്നീ മക്കളുമടങ്ങുന്നതാണ് മഹേന്ദ്രസിംഗിന്റെ കുടുംബം.

Related Articles

- Advertisement -spot_img

Latest Articles