പ്രളയത്തിലും കൊടുംതണുപ്പിലും വലഞ്ഞ് ഗാസ; അതിർത്തി കവാടങ്ങൾ ഉടൻ തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബ്രസ്സൽസ്: ഗാസയിൽ തുടരുന്ന വിനാശകരമായ മാനുഷിക പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഗാസയിലേക്ക് മാനുഷിക സഹായങ്ങളും പ്രാഥമിക പുനരുദ്ധാരണ പിന്തുണയും വലിയ തോതിൽ തടസ്സമില്ലാതെ ഉടൻ എത്തിക്കാനും വിതരണം തുടരാനും അനുവദിക്കണമെന്നും, ഗാസയിലെ എല്ലാ അതിർത്തി കവാടങ്ങളും വീണ്ടും തുറക്കണമെന്നും യൂറോപ്യൻ യൂണിയൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

ഗാസയിലുണ്ടായ കനത്ത വെള്ളപ്പൊക്കവും ശൈത്യകാല സാഹചര്യങ്ങളും നിലവിൽ തന്നെ തളർന്നിരിക്കുന്ന ജനതയുടെ ജീവിതസാഹചര്യങ്ങൾ കൂടുതൽ വഷളാക്കുകയാണെന്നും, ഇത് സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളും മനുഷ്യദുരിതവും വർദ്ധിപ്പിക്കുകയാണെന്നും യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഗാസ മുനമ്പിൽ ശൈത്യകാലം ആരംഭിച്ചതോടെ, അടുത്ത ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ടെന്റുകളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായിരിക്കുകയാണ്.

ഗാസയിലെ ജനസംഖ്യയുടെ 94 ശതമാനം പേർക്കും അടിയന്തരമായി താമസസൗകര്യത്തിനുള്ള സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഏകോപന ഓഫീസ് (OCHA) വ്യക്തമാക്കുന്നു. ഏകദേശം 65 ശതമാനം കുടുംബങ്ങളും ടെന്റുകളിലോ താൽക്കാലിക ഷെൽട്ടറുകളിലോ ആണ് കഴിയുന്നത്; കൂടാതെ 6,50,000 കുട്ടികൾക്ക് കമ്പിളി വസ്ത്രങ്ങളും പുതപ്പുകളും ഉൾപ്പെടെയുള്ള ശൈത്യകാല സഹായങ്ങൾ അത്യന്താപേക്ഷിതമാണ്.

ഐക്യരാഷ്ട്രസഭയുടെയും അതിന്റെ ഏജൻസികളുടെയും, സർക്കാരിതര സംഘടനകൾ (NGOs) ഉൾപ്പെടെയുള്ള മാനുഷിക സംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് ഇസ്രായേൽ സൗകര്യമൊരുക്കണമെന്നും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും ഉൾപ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര ബാധ്യതകളും പാലിക്കണമെന്നും കാജ കല്ലാസ് ആവശ്യപ്പെട്ടു. ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയിൽ (Comprehensive Plan to End the Gaza Conflict) വിഭാവനം ചെയ്തിട്ടുള്ള മാനുഷിക സഹായവുമായി ബന്ധപ്പെട്ട പ്രതിബദ്ധതകൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി പൂർണ്ണമായും നടപ്പിലാക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles