തിരുവനന്തപുരം: എൽ.പി.എസ്.ടി സമര നേതാവ് എസ്. വളർമതി നിരാഹാര സമരം അവസാനിപ്പിച്ചില്ലെങ്കിൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമനുഷ്ഠിച്ചുവരികയായിരുന്ന വളർമതിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും അവർ സമരം തുടരുകയാണ്. വളർമതിയുടെ ശരീരത്തിലെ മഗ്നീഷ്യം, സോഡിയം, ഗ്ലൂക്കോസ് എന്നിവയുടെ അളവ് നിരന്തരം കുറഞ്ഞുവരികയാണെന്നും, ഉടൻതന്നെ സമരം അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
സമരത്തിന് നേതൃത്വം നൽകുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയായ എസ്. വളർമതിയെ ഇതിനുമുമ്പും ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് മറ്റ് ഉദ്യോഗാർത്ഥികളും നിരാഹാര സമരം ഏറ്റെടുത്തിരുന്നു. എന്നാൽ പിന്നീട് സമരപ്പന്തലിൽ തിരിച്ചെത്തിയ വളർമതി വീണ്ടും നിരാഹാരം തുടർന്നതോടെയാണ് ആരോഗ്യനില വീണ്ടും വഷളായത്. ഒരാളുടെ ജീവൻ വെച്ച് സർക്കാർ പന്താടുകയാണെന്ന് ആരോപിച്ച് വിവിധ സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്ക് വിടുക, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആയി ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ സമരം നടപ്പിലാക്കുന്നത്. എന്നാൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ചതിൽ ഭൂരിഭാഗം ആവശ്യങ്ങളും ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം.



