ന്യൂഡൽഹി: മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്ക് നൽകിയ പുതിയ ഉപദേശം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയ്ക്കും ട്രോളുകൾക്കും വഴിവെച്ചു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘കിസാൻ തക് ഭാരത് അഗ്രികൾച്ചർ കോൺഫറൻസിൽ’ സംസാരിക്കവെയാണ് സാങ്കേതിക വിദ്യകളെക്കുറിച്ച് പരാമർശിക്കവെ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയുണ്ടായത്.
വരാനിരിക്കുന്ന പുതിയ സാങ്കേതികവിദ്യയിലൂടെ ഒരു നുള്ള് മണ്ണ് മൊബൈൽ ഫോണിന് മുകളിൽ വെച്ചാൽ, ആ മണ്ണിന്റെ ശക്തിയും ഏതൊക്കെ വിളകൾക്കാണ് അത് അനുയോജ്യമെന്നും ഉടൻ തന്നെ അറിയാൻ സാധിക്കുമെന്നാണ് വീഡിയോയിൽ പ്രധാനമന്ത്രി പറയുന്നത്. ഫോൺ സ്ക്രീനിൽ നേരിട്ട് മണ്ണ് വെച്ച് പരിശോധിക്കുന്നതിന്റെ പ്രായോഗികതയെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് ഈ വീഡിയോ യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ചുകൊണ്ടുള്ള രസകരമായ മീമുകളും ചർച്ചകളും ഓൺലൈനിൽ സജീവമാണ്. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവനകളാണ് ഇതെന്നും ട്രോളന്മാർ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ നിരീക്ഷകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഈ വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.



