റിയാദ്: സൗദി അറേബ്യയിൽ ഹോട്ടൽ മാനേജ്മെന്റ് ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച ഇന്ത്യൻ യുവതിയെ വീട്ടുജോലിക്ക് നിയോഗിച്ചതായി പരാതി. ശമ്പളം ലഭിക്കുന്നില്ലെന്നും മോശം താമസസാഹചര്യങ്ങളിലാണ് കഴിയേണ്ടിവരുന്നതെന്നും ആരോപിച്ച് അൽമാസ് ബാനു ഗൗസ് ഷരീഫ് എന്ന യുവതിയാണ് നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി രംഗത്തെത്തിയത്. നവംബർ 13-ന് തെലങ്കാനയിലെ രാഷ്ട്രീയ നേതാവ് വാരിസ് പത്താൻ സമൂഹമാധ്യമമായ ‘എക്സി’ലൂടെ പങ്കുവെച്ച വീഡിയോയിലാണ് യുവതി താൻ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചത്.
ഭക്ഷണത്തിനും താമസത്തിനും മതിയായ സൗകര്യങ്ങളില്ലെന്നും, തൊഴിലുടമയുടെ വീടിന് പുറത്ത് ഒരു രാത്രി മുഴുവൻ കഴിയേണ്ടിവന്ന സാഹചര്യമുണ്ടായതായും യുവതി വീഡിയോയിൽ പറയുന്നു. രാത്രിയിൽ മക്കളുമായി സംസാരിക്കാൻ വൈഫൈ സൗകര്യം നിഷേധിച്ചതായും ഇതുവരെ ശമ്പളം നൽകിയിട്ടില്ലെന്നും അൽമാസ് ആരോപിച്ചു. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾ കണ്ടെത്താനും മറ്റു മാർഗ്ഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് സൗദിയിലെത്തിയതെന്നും, എന്നാൽ ഇവിടെയെത്തിയപ്പോൾ വീട്ടുജോലികളാണ് ചെയ്യിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഇനിയും സൗദിയിൽ തുടരാൻ കഴിയില്ലെന്നും, നാട്ടിൽ തിരിച്ചെത്തിയാൽ മറ്റേതെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കാൻ തയ്യാറാണെന്നും യുവതി അഭ്യർത്ഥിച്ചു. അൽമാസിന്റെ മാതാപിതാക്കളും സഹായം തേടി തന്നെ സമീപിച്ചിരുന്നതായി വാരിസ് പത്താൻ അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസി, വിദേശകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് യുവതിയുടെ സുരക്ഷ ഉറപ്പാക്കുകയും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.



