ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ നിരോധിത മേഖലകളിലൂടെയും അനധികൃത പാതകളിലൂടെയും സഞ്ചരിച്ച അഞ്ച് എണ്ണക്കപ്പലുകൾ കടൽ മൈനുകളിൽ തട്ടി അപകടത്തിൽപ്പെട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. വ്യാഴാഴ്ച രാവിലെ മുതൽ കടലിടുക്കിന്റെ കിഴക്കൻ ഭാഗത്തുള്ള നിരോധിത മേഖലയിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകൾ മൈനുകളിൽ തട്ടി തീപിടിച്ചതായാണ് ഇറാൻ കരസേന അറിയിച്ചത്.
കപ്പലുകൾ തങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്യുകയും ഇറാൻ അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് ഫാർസ് (Fars) വാർത്താ ഏജൻസി പുറത്തുവിട്ട സൈനിക പ്രസ്താവനയിൽ പറയുന്നു.
ഇതിന് തൊട്ടുമുമ്പായി, ഹോർമുസ് കടലിടുക്കിന്റെ തെക്കൻ തീരത്തിന് സമീപം രണ്ട് കൂറ്റൻ എണ്ണക്കപ്പലുകൾ (Supertankers) കടൽ മൈനുകളിൽ തട്ടി തീപിടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) നാവികസേനയും വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തെത്തുടർന്ന് കപ്പലുകളിലുണ്ടായിരുന്ന ജീവനക്കാർ അവ ഉപേക്ഷിച്ചു പോയതായാണ് ഐ.ആർ.ജി.സി നാവികസേനയുടെ അവകാശവാദം.
കടലിടുക്കിലെ ‘അനധികൃത പാതകൾ’ ഉപയോഗിക്കുന്നതോ അമേരിക്കൻ സൈന്യവുമായി സഹകരിക്കുന്നതോ ആയ എണ്ണക്കപ്പലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ഇറാൻ നാവികസേന വീണ്ടും ആവർത്തിച്ചു.



