കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ അഭിവാദ്യമർപ്പിച്ച് സി.പി.എം പ്രവർത്തകർ. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിക്ക് മുന്നിൽ വെച്ചാണ് സി.പി.എം പ്രവർത്തകർ ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളോടെ പ്രതികളെ യാത്രയാക്കിയത്. പോലീസ് ബസ്സിലേക്ക് കയറുന്നതിന് മുമ്പ് പ്രതികൾ മുഷ്ടി ചുരുട്ടി ഉയർത്തി തിരികെ അഭിവാദ്യമർപ്പിക്കുകയും, ബസ്സിൽ കയറിയ ശേഷം പുറത്തുനിന്ന പ്രവർത്തകർക്ക് ജനലിലൂടെ കൈനൽകുകയും ചെയ്തു.
‘അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, ധീരസഖാക്കൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ, കൂടെയുണ്ട് ഞങ്ങളും, ജയിലറ കണ്ട് വിരണ്ടവരല്ല, ജയിലറ കണ്ട് വളർന്നവരാണേ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ മുഴക്കിയത്. എറണാകുളം സബ്ജയിലിലേക്ക് മാറ്റിയ പ്രതികളെ വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
അരിയിൽ ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം തെളിഞ്ഞതിനെ തുടർന്ന് ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹർ, പത്താം പ്രതി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.



