റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ടവറിന് നേരെ ഹൂതി ആക്രമണം; അപലപിച്ച് സൗദി

റിയാദ്: റിയാദിലെ പ്രശസ്തമായ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ടവറിന് നേരെ വ്യാഴാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണത്തെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തി. ആക്രമണത്തിൽ ടവറിന്റെ നിരവധി നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

സാധാരണക്കാരുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, ഹൂതി മിലിഷ്യ തുടരുന്ന ശത്രുതാപരമായ സമീപനത്തിന്റെ അപകടാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്നും സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി. സംഭവം നടന്നയുടൻ തന്നെ ബന്ധപ്പെട്ട അധികൃതർ ഇടപെടുകയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി അംഗീകൃത സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

റിയാദിലെ സിവിലിയൻ-സാമ്പത്തിക കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ തുടരുന്ന ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ശക്തമായി അപലപിച്ചു. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് ഹൂതികൾ വലിയ ഭീഷണിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമതത്വങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും, ദേശീയ ആസ്തികൾക്കും പൗരന്മാർക്കും താമസക്കാർക്കും സുരക്ഷയൊരുക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യയ്ക്ക് പൂർണ്ണവും നിയമാനുസൃതവുമായ അവകാശമുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തിന്റെ പ്രദേശത്തിനോ ആസ്തികൾക്കോ നേരെയുള്ള യാതൊരുവിധ കടന്നുകയറ്റവും വെച്ചുപൊറുപ്പിക്കില്ലെന്നും സൗദി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളെ അപലപിക്കാനും, യുഎൻ രക്ഷാസമിതി പ്രമേയങ്ങൾ നടപ്പിലാക്കി തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും അന്താരാഷ്ട്ര സമൂഹത്തോടും രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോടും സൗദി അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles