മനാമ: ബഹ്റൈനിലെ അൽ-റിഫ, അവാലി വ്യോമതാവളങ്ങളിലുള്ള അമേരിക്കൻ വ്യോമപ്രതിരോധ റഡാർ സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. ഇറാന്റെ വ്യോമാതിർത്തി ലംഘിക്കുന്നതിനും തുടർച്ചയായ പ്രകോപനങ്ങൾക്കും മറുപടിയായാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സംയുക്ത ആക്രമണം നടത്തിയതെന്ന് ഐ.ആർ.ജി.സി പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, ഇറാൻ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ ഒരു സിവിലിയൻ വ്യവസായ കേന്ദ്രത്തിന് നാശനഷ്ടമുണ്ടായതായും തീപിടുത്തമുണ്ടായതായും ബഹ്റൈൻ അധികൃതർ അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണെന്നും വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയുണ്ടായ നിരവധി ഇറാനിയൻ വ്യോമാക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തകർത്തതായി ബഹ്റൈൻ പ്രതിരോധ സേന (BDF) അറിയിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് ചെറിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചതെന്നും, രാജ്യത്തിന് നേരെ ഇറാൻ തുടരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണിതെന്നും സൈന്യം കുറ്റപ്പെടുത്തി.



