കാസർകോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.ബി.ഐ പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി അപര്യാപ്തമാണെന്ന് മുൻ ഡിവൈ.എസ്.പി റഹീം ചെമ്മനാട് അഭിപ്രായപ്പെട്ടു. ഷുക്കൂർ വധക്കേസ് അന്വേഷണത്തിൽ ലോക്കൽ പൊലീസിനെ സഹായിച്ചിരുന്ന കണ്ണൂർ സ്ക്വാഡിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. കോടതിവിധിയെ വിലയിരുത്തി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. കേസിൽ 18 പ്രതികളെ കുറ്റവിമുക്തരാക്കുകയും 13 പേരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടവരിൽ ഏഴുപേർക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ആറുപേർക്ക് മറ്റ് കുറ്റങ്ങൾക്ക് രണ്ടുവർഷം തടവുമാണ് കോടതി വിധിച്ചത്.
ഒന്നാം പ്രതി സുമേഷിനൊപ്പം ഷുക്കൂറിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ രണ്ടാം പ്രതി ഗണേശനെ കോടതി വെറുതെ വിട്ടത് കേസിലെ പ്രധാന നിയമപ്രശ്നങ്ങളിലൊന്നാണെന്ന് റഹീം ചെമ്മനാട് ചൂണ്ടിക്കാട്ടി. തിരിച്ചറിയൽ പരേഡിൽ (ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ്) ഒന്നാം പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞെങ്കിലും രണ്ടാം പ്രതിയെ തിരിച്ചറിയാൻ കഴിയാത്തതും സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളുമാണ് ഇയാളെ കുറ്റവിമുക്തനാക്കാൻ ഇടയാക്കിയത്. ഒരു വ്യക്തി സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും കൊലപാതകത്തിൽ പങ്കാളിയാണെന്ന് നിയമപരമായി തെളിയിക്കാൻ കഴിയാത്തത് ലോക്കൽ പൊലീസിന്റെയും സി.ബി.ഐയുടെയും പരാജയമാണെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് ഷുക്കൂറിന്റെ മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട പ്രതികളും അപ്പീലിന് പോകാനുള്ള സാധ്യത നിലനിൽക്കെ, രണ്ടാം പ്രതിയെ കുറ്റവിമുക്തമാക്കാൻ ഇടയായ തെളിവുകളിലെ പോരായ്മകൾ ഒന്നാം പ്രതിയുടെ അപ്പീലിലും നിയമപ്രശ്നമായി ഉയർന്നുവരാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
കൊലപാതകം നടന്ന സ്ഥലത്തെ പ്രദേശവാസികളെ സാക്ഷികളാക്കിയില്ലെന്ന കോടതിയുടെ നിരീക്ഷണത്തെയും റഹീം ചെമ്മനാട് വിമർശിച്ചു. സംഭവസ്ഥലം ഒരു പാർട്ടി ഗ്രാമമാണെന്നും ഒരേ മാനസികാവസ്ഥയിലുള്ള ജനങ്ങൾ താമസിക്കുന്ന അവിടെനിന്ന് പ്രോസിക്യൂഷന് അനുകൂലമായ ഒരാളെപ്പോലും സാക്ഷിയായി കണ്ടെത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, പി.എസ്.ഒ ഉൾപ്പെടെയുള്ള സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചില്ലെന്ന കോടതി കണ്ടെത്തലിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഊണിലും ഉറക്കിലും പാർട്ടി നേതാക്കളോടൊപ്പം സഹവസിക്കുന്ന പി.എസ്.ഒ ഉൾപ്പെടെയുള്ളവർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകില്ലെന്ന് വിശ്വസിക്കാനുള്ള വിവേകം കോടതിക്ക് ഇല്ലാതായിപ്പോയോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
വധശിക്ഷ വിധിക്കാവുന്ന ‘അപൂർവങ്ങളിൽ അപൂർവം’ എന്ന വിഭാഗത്തിൽ ഈ കേസ് ഉൾപ്പെടുന്നില്ലെന്ന കോടതിയുടെ നിരീക്ഷണത്തെയും മുൻ ഉദ്യോഗസ്ഥൻ കുറിപ്പിൽ വിമർശിച്ചു. ഓരോ കൊലപാതകവും അതിന്റെ ഇരയ്ക്കും കുടുംബത്തിനും അപൂർവങ്ങളിൽ അപൂർവം തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന ഒരാൾ നിമിഷനേരംകൊണ്ട് ഇല്ലാതാകുന്നതിന്റെ വേദന അനുഭവിക്കുന്ന കുടുംബത്തിനേ മനസ്സിലാകൂ എന്നും, കൊല്ലപ്പെട്ടത് ഏത് മത-രാഷ്ട്രീയ വിഭാഗത്തിൽപ്പെട്ട ആളായാലും ആ നഷ്ടത്തിന്റെ ആഴം ഒരുപോലെയാണെന്നും റഹീം ചെമ്മനാട് തന്റെ കുറിപ്പിൽ വ്യക്തമാക്കി.



