കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി. സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനും കോടതി സര്‍വകലാശാലയോട് ഉത്തരവിട്ടു. സര്‍വകലാശാലയ്ക്കും വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനും കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി. വിധി പുറത്തുവന്നതിന് പിന്നാലെ സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന സമരം അവസാനിപ്പിച്ചു.
പരീക്ഷ എഴുതാന്‍ അനുമതി തേടി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക ഇടപെടല്‍. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തങ്ങളെ സസ്‌പെന്‍ഡ് ചെയ്തതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രധാന വാദം.
അതേസമയം, ഖേദം പ്രകടിപ്പിച്ചാല്‍ 12 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് സര്‍വകലാശാല കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവുകള്‍ പൂര്‍ണ്ണമായും റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ വാദിച്ചു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഉത്തരവിറക്കിയത്.



