ടെഹ്റാൻ: ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം മറികടക്കാൻ ലഭ്യമായ ‘എല്ലാ മാർഗ്ഗങ്ങളും’ ഉപയോഗിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന പ്രതിവാര വാർത്താസമ്മേളനത്തിൽ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയാണ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിലും പേർഷ്യൻ ഗൾഫ് മേഖലയിലും ഇറാന്റെ എണ്ണ കയറ്റുമതി തടഞ്ഞുകൊണ്ട് അമേരിക്ക തുടരുന്ന ഉപരോധത്തിനെതിരെയാണ് ടെഹ്റാന്റെ ഈ കടുത്ത നിലപാട്. ഏപ്രിൽ 13-ന് ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് ആരംഭിച്ച യു.എസ് നാവിക ഉപരോധം, ജൂണിലെ പ്രാഥമിക ധാരണയെത്തുടർന്ന് പിൻവലിച്ചിരുന്നെങ്കിലും കരാർ പരാജയപ്പെട്ടതോടെ ജൂലൈ 14-ന് അമേരിക്ക വീണ്ടും കടുപ്പിക്കുകയായിരുന്നു.
ഉപരോധത്തെത്തുടർന്ന് സമീപ മാസങ്ങളിൽ ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതി ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഗൾഫ് കടലിൽ വെച്ച് കപ്പലിൽ നിന്ന് കപ്പലിലേക്ക് എണ്ണ മാറ്റുന്ന പ്രക്രിയയിലൂടെ ഒരു ടാങ്കർ ഇറാനിയൻ ക്രൂഡ് ഓയിൽ നിറയ്ക്കുന്നുണ്ടെന്ന് ‘ടാങ്കർ ട്രാക്കേഴ്സ്’ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, ഇത്തരം വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നാണ് ബഗായി പ്രതികരിച്ചത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും, സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക, നാവിക ഉപരോധം നീക്കുക, ഉപരോധങ്ങൾ പിൻവലിക്കുക എന്നിവ ഉൾപ്പെടെയുള്ള നിബന്ധനകൾ വാഷിങ്ടൺ അംഗീകരിച്ചാൽ മാത്രമേ കടലിടുക്ക് തുറന്നുകൊടുക്കുകയുള്ളൂ എന്നും ഇറാൻ വ്യക്തമാക്കുന്നു. മറുഭാഗം നിബന്ധനകൾ പാലിക്കുകയാണെങ്കിൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കുമെന്നും ബഗായി കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കൻ ഉപരോധം തകർക്കാൻ എണ്ണക്കപ്പലുകളുടെ വ്യൂഹത്തെ ഒന്നിച്ചു കടത്തിവിടുന്ന ‘ഫെറൈദൂൺ പ്ലാൻ’ എന്ന പദ്ധതിക്ക് ഇറാൻ രൂപം നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന ഇറാനിയൻ കപ്പലുകളെ ആക്രമിക്കാനോ പിടിച്ചെടുക്കാനോ അമേരിക്ക മുതിർന്നാൽ, യു.എ.ഇയിലേതുൾപ്പെടെ ഗൾഫ് മേഖലയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഉടനടി പ്രത്യാക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. കരാറിലെത്തിയില്ലെങ്കിൽ പുതുവർഷത്തിൽ ഇറാനെതിരെ സൈനിക ആക്രമണം പുനരാരംഭിക്കുമെന്നും ഉപരോധം ലംഘിക്കുന്ന കപ്പലുകൾ മുക്കിക്കളയുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധഭീതി ശക്തമാക്കി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്.



