കൊച്ചി: സിനിമാ മേഖലയിൽ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി ഡബ്ല്യുയു സി സി. മറ്റു തൊഴിൽ മേഖകളിലെന്നപ്പോലെ സിനിമയിലെ എല്ലാ തൊഴിലുകൾക്കും കൃത്യമായ കരാർ കൊണ്ട് വരണം. ലൈംഗികാതിക്രമങ്ങൾ തടയാനുള്ള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും ഡബ്ല്യുയു സി സി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
സിനിമാ മേഖലയിലെ പൊളിച്ചെഴുത്തിന് പുതിയ മാർഗനിർദേശങ്ങളടങ്ങിയ പരമ്പര തയ്യാറാക്കുമെന്ന് നേരത്തെ ഡബ്ല്യുയു സി സി പറഞ്ഞിരുന്നു. പരമ്പരയിലെ പ്രഥമ നിർദേശമെന്ന നിലയിലാണ് തൊഴിൽ കരാർ ആവശ്യം മുന്നോട്ടുവെച്ചത്. നിബന്ധനകളും കാലാവധിയും വേതനവും ക്രെഡിറ്റുകളും കരാറിൽ വ്യക്തമാക്കണമെന്ന് നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമാ വ്യാസായം അംഗീകരിക്കുന്ന തരത്തിലുള്ള കരാറുകൾ രൂപപ്പെടണം.
കരാർ ലംഘനങ്ങൾ റിപ്പോട്ട് ചെയ്യാനുള്ള അവകാശം കക്ഷികൾക്ക് വേണം. താൽക്കാലിക ജോലിക്കാർ ഉൾപ്പടെ മേഖലയിലുള്ള എല്ലാ തൊഴിലാളികൾക്കും കരാറുകൾ വേണം. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങളും കരാറിൽ ഉൾപ്പെടുത്തണമെന്നും ഡബ്ല്യുയു സി സി ആവശ്യപ്പെടുന്നു.



