കൊച്ചി: മുനമ്പം പ്രശ്‌നപരിഹാരത്തിന് സർക്കാറിന് മുന്നിൽ വഴികളുണ്ടെന്നും ആവശ്യമെങ്കിൽ നിയമനിർമ്മാണം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആവശ്യമെങ്കിൽ ഭൂമി ഏറ്റെടുക്കാനും സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതിയെ അറിയിച്ചു. ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബഞ്ച് തീരുമാനം റദ്ദാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
പ്രശ്‌നം എങ്ങനെ പരിഹരിക്കാനാവുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വസ്തുതകള്‍ പരിശോധിക്കാന്‍ ആണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടത് നിയമപരമല്ല. വഖഫ് ട്രൈബ്യൂണലിലെ നടപടികളും ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളും വ്യത്യസ്തമാണ്. വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചവരെ ബാധിക്കുന്ന പ്രശ്‌നമല്ല അപ്പീലില്‍ ഉന്നയിച്ചത്. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ് മുനമ്പത്തേതെന്നും സർക്കാർ പറഞ്ഞു.
പൊതു വിഷയമെന്ന നിലയിലയുമാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. ക്രമസമാധാന വിഷയമെന്ന നിലയിലും കമ്മീഷൻ അന്വേഷണം ആവശ്യമാണെന്നും സർക്കാർ അറിയിച്ചു. മുനമ്പത്തെ ഉടമസ്ഥാവകാശ തർക്ക വിഷയത്തിൽ ഇടപെടാൻ കമ്മീഷന് അവകാശമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയില്ലെന്നും സർക്കാർ അറിയിച്ചു.
ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനാനുമതി ആവശ്യത്തിൽ തിങ്കളാഴ്‌ച ഡിവിഷൻ ബെഞ്ച് വിധി പറയും. കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് തീരുമാനത്തിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.



