സൗദി യാത്രാ നിയമങ്ങളിൽ വൻ മാറ്റം; ഡിക്ലറേഷൻ പരിധി 40,000 റിയാലാക്കി കുറച്ചു, സ്വർണ്ണത്തിനും പണത്തിനും പുതിയ നിബന്ധനകൾ

റിയാദ്: കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ യാത്രാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി. കസ്റ്റംസ് പരിശോധനയിൽ യാത്രക്കാർ കൈവശം വെക്കുന്ന പണത്തിന്റെയും സ്വർണ്ണത്തിന്റെയും പരിധി സൗദി ഭരണകൂടം കുറച്ചു. മുൻപ് ഇത് 60,000 റിയാലായിരുന്നെങ്കിൽ പുതിയ ഭേദഗതി പ്രകാരം 40,000 സൗദി റിയാലായിരിക്കും. ഇനി മുതൽ 40,000 സൗദി റിയാലോ അതിന് മുകളിലോ മൂല്യമുള്ള പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഉള്ളവർ കസ്റ്റംസിന് രേഖാമൂലം ഡിക്ലറേഷൻ നൽകണം. സൗദി ഔദ്യോഗിക ഗസറ്റായ ‘ഉമ്മുൽ ഖുറാ’യിലാണ് കള്ളപ്പണ വിരുദ്ധ നിയമത്തിലെ ഈ പുതിയ മാറ്റങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി ചെക്ക്‌പോസ്റ്റുകൾ എന്നിവ വഴി സൗദിയിലേക്ക് വരുന്നവർക്കും പോകുന്നവർക്കും ഒരുപോലെ ഈ നിയമം ബാധകമാണ്. കറൻസി നോട്ടുകൾ, വിദേശ പണം, സ്വർണ്ണക്കട്ടികൾ, വിലയേറിയ മറ്റ് ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം ഈ 40,000 റിയാലിന്റെ പരിധിയിൽ വരും. യാത്രാവേളയിൽ പണമോ സ്വർണ്ണമോ കൃത്യമായി വെളിപ്പെടുത്താതിരിക്കുകയും, അത് കള്ളപ്പണമാണെന്ന് സംശയം തോന്നുകയും ചെയ്താൽ ആ തുക 40,000 റിയാലിലും താഴെയാണെങ്കിൽ പോലും 72 മണിക്കൂർ വരെ പിടിച്ചുവെക്കാൻ അധികൃതർക്ക് കഴിയും. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ ഈ കാലാവധി 60 ദിവസം വരെയും പിന്നീട് കോടതി ഉത്തരവിലൂടെ അതിൽ കൂടുതലായും നീട്ടാനും നിയമം അനുവദിക്കുന്നു.

വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലാതെ കച്ചവടത്തിനായി സ്വർണ്ണമോ ആഭരണങ്ങളോ കൊണ്ടുവരുന്നവർ അതിന്റെ യഥാർത്ഥ പർച്ചേസ് ഇൻവോയ്സുകൾ (ബില്ലുകൾ) ഹാജരാക്കണം. അല്ലാത്തപക്ഷം ഇവ ഏകീകൃത കസ്റ്റംസ് നിയമപ്രകാരമുള്ള കനത്ത നികുതികൾക്ക് വിധേയമാകും. പുതിയ നിയമപ്രകാരം യാത്രക്കാർ ആദ്യ തവണ വിവരങ്ങൾ മറച്ചുവെച്ചാൽ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യത്തിന്റെ 10% മുതൽ 25% വരെ പിഴ ഈടാക്കും. ഈ നിയമലംഘനം ആവർത്തിച്ചാൽ പിഴ 50% വരെയായി ഉയരും. പിടിച്ചെടുക്കുന്ന പണം കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടാൽ കേസ് നേരിട്ട് പബ്ലിക് പ്രോസിക്യൂഷനും സൗദി ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനും കൈമാറി കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കും.

ബാങ്കുകൾ ഉൾപ്പെടെയുള്ള രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും പുതിയ ഭേദഗതിയിൽ കർശന നിർദ്ദേശങ്ങളുണ്ട്. ഒരു സ്ഥാപനത്തിന്റെ 25 ശതമാനത്തിലധികം ഉടമസ്ഥാവകാശമുള്ള യഥാർത്ഥ വ്യക്തി ആരാണെന്ന് കൃത്യമായി തിരിച്ചറിയണമെന്നും, സംശയസ്പദമായ ഇടപാടുകളുടെ വിവരങ്ങൾ അതത് സമയങ്ങളിൽ കൈമാറണമെന്നും പുതിയ സുരക്ഷാ നിയമം വ്യക്തമാക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles