24.5 C
Saudi Arabia
Wednesday, April 22, 2026
spot_img

അമേരിക്കൻ ഉപരോധത്തിനെതിരെ കടുത്ത നിലപാടുമായി ഇറാൻ; ചെങ്കടലും ഗൾഫ് മേഖലയും അടച്ചിടുമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരുകയാണെങ്കിൽ ചെങ്കടൽ, പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ എന്നിവയിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാര നീക്കങ്ങൾ തടയുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇറാന്റെ വാണിജ്യ കപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും അമേരിക്ക ഭീഷണിയുയർത്തുന്നത് നിലവിലെ വെടിനിർത്തൽ കരാർ ലംഘിക്കുന്നതിന് തുല്യമാണെന്ന് ഇറാൻ മിലിട്ടറി സെൻട്രൽ കമാൻഡ് സെന്റർ തലവൻ അലി അബ്ദുള്ളാഹി പ്രസ്താവിച്ചു. ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ അമേരിക്കൻ നാവികസേന കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഒരു കപ്പലിനും കടന്നുപോകാൻ സാധിച്ചിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ എണ്ണ കയറ്റുമതി തടഞ്ഞാൽ മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും വ്യാപാരം തടയുമെന്ന കടുത്ത പ്രഖ്യാപനം ഇറാൻ നടത്തിയത്.

അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആവർത്തിച്ചു. ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കില്ലെന്ന് ചൈന സമ്മതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ തങ്ങൾ ഇറാനു സൈനിക സഹായം നൽകുന്നുവെന്ന വാർത്തകൾ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. ഇതിനിടെ, ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ‘സെക്കൻഡറി ഉപരോധങ്ങൾ’ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകി. ബോംബാക്രമണത്തിന് തുല്യമായ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുന്ന നീക്കമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സൈനിക സമ്മർദ്ദത്തിനൊപ്പം സാമ്പത്തിക ഉപരോധവും കർശനമാക്കാനാണ് അമേരിക്കയുടെ നീക്കം.

സംഘർഷം മുറുകുമ്പോഴും വെടിനിർത്തൽ നീട്ടുന്നതിനും സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള മധ്യസ്ഥ ശ്രമങ്ങൾ സജീവമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി പാകിസ്ഥാനിൽ നിന്നുള്ള ഒരു ഉന്നതതല നയതന്ത്ര പ്രതിനിധി സംഘം ചർച്ചകൾക്കായി ടെഹ്റാനിലെത്തിയിട്ടുണ്ട്. വെടിനിർത്തൽ ഔദ്യോഗികമായി നീട്ടുന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ഇറാനുമായുള്ള നയതന്ത്ര ആശയവിനിമയം തുടരുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ വെച്ച് നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകളിൽ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മധ്യസ്ഥ രാജ്യങ്ങൾ.

 

Related Articles

- Advertisement -spot_img

Latest Articles