22.2 C
Saudi Arabia
Saturday, April 18, 2026
spot_img

ഇറാൻ-അമേരിക്ക സമാധാന ഉടമ്പടി അരികിൽ; അന്റാലിയയിൽ വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക കൂടിക്കാഴ്ച

റിയാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി. തുർക്കിയിലെ അന്റാലിയയിൽ നടന്ന സൗദി അറേബ്യ, ഈജിപ്ത്, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ചതുർകക്ഷി കൂടിക്കാഴ്ചയിൽ മേഖലയിലെ നിലവിലെ സാഹചര്യം വിശദമായി ചർച്ച ചെയ്തു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടന്ന ഈ ചർച്ചയിൽ, അമേരിക്കയും ഇറാനും തമ്മിൽ ശാശ്വതമായ വെടിനിർത്തൽ ഉറപ്പാക്കാൻ പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ മന്ത്രിമാർ സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനും യുദ്ധം മൂലമുണ്ടാകുന്ന ആഗോള സാമ്പത്തിക-സുരക്ഷാ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനും ഇത്തരം നീക്കങ്ങൾ അത്യാവശ്യമാണെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഇസ്രായേലും ലെബനനും തമ്മിലുള്ള പത്ത് ദിവസത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഉപരോധം താൽക്കാലികമായി നീക്കിയതായി ഇറാൻ പ്രഖ്യാപിച്ചു. എന്നാൽ ഹോർമുസ് തുറന്നെങ്കിലും ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം അമേരിക്ക ഇപ്പോഴും തടയുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ലെബനനിലെ വെടിനിർത്തലും ഹോർമുസിലെ ഗതാഗത പുനരാരംഭവും സമാധാന ചർച്ചകളിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച ഹോർമുസ് പാത തുറക്കണമെന്ന ആവശ്യവും, വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്തണമെന്ന ഇറാന്റെ നിബന്ധനയും നിലവിൽ പാലിക്കപ്പെട്ടതോടെ ഒരു സമഗ്രമായ സമാധാന കരാറിലേക്ക് കാര്യങ്ങൾ അരികിലെത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനുമായുള്ള സമാധാന ഉടമ്പടി ഏതാണ്ട് പൂർത്തിയായതായും ചർച്ചകൾ ശുഭകരമായി അവസാനിക്കാറായതായും ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ തങ്ങളുടെ യുറേനിയം ശേഖരം ഉപേക്ഷിക്കാൻ തയ്യാറായതായും, അടുത്ത ഘട്ട ചർച്ചകൾ ഇസ്ലാമാബാദിൽ വെച്ച് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിനായി താൻ പാകിസ്ഥാൻ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. അതേസമയം, ഇറാൻ്റെ മരവിപ്പിച്ച 20 ബില്യൺ ഡോളർ വിട്ടുകൊടുക്കുന്നു എന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. സമാധാന നീക്കങ്ങളിൽ ക്രിയാത്മകമായ പങ്കുവഹിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിനെയും സൈനിക മേധാവി ആസിം മുനീറിനെയും ട്രംപ് അഭിനന്ദിച്ചു. കൂടാതെ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ നൽകിയ ധീരമായ പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles