മലപ്പുറം: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പ്രിയപ്പെട്ടവർക്കും ഹൃദയഭാരത്തോടെ നാട് അന്ത്യോപചാരമർപ്പിക്കുന്നു. മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ അമ്പലപ്പറമ്പ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കും സഹപ്രവർത്തകർക്കും അവസാനമായി വിട നൽകാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം വൻ ജനസഞ്ചയമാണ് സ്കൂളിലേക്ക് ഒഴുകിയെത്തുന്നത്. യൂണിഫോം ധരിച്ചെത്തിയ കൊച്ചു കുട്ടികളുടെ സാന്നിധ്യം കണ്ടുനിന്നവരെയെല്ലാം ഈറനണിയിച്ചു. സ്കൂളിലെ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വിവിധ ഇടങ്ങളിലെ ഖബറിസ്ഥാനുകളിലേക്കും ശ്മശാനങ്ങളിലേക്കും കൊണ്ടുപോകും.
വെള്ളിയാഴ്ച വൈകീട്ട് തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്ക് സമീപം വാൽപ്പാറ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ചാണ് വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ അഞ്ച് സ്ഥിരം അധ്യാപകർ, ഒരു അധ്യാപകന്റെ ഭാര്യ, പാചകത്തൊഴിലാളി, തൊട്ടടുത്ത യുപി സ്കൂളിലെ അധ്യാപിക, ഒരു അധ്യാപികയുടെ മകൻ എന്നിവരടക്കം ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫാഇസ് (21) ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. രാത്രി 12 മണിയോടെ ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ പുലർച്ചെ മൂന്നരയോടെയാണ് പൂർത്തിയായത്.
പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ നിശ്ചയിച്ച പ്രകാരം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകും. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിലും, റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാ മസ്ജിദ് ഖബറിസ്ഥാനിലും ഖബറടക്കും. സുഹറയെയും മകൻ ഹിഷാമിനെയും ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കുക. സ്കൂളിലെ പ്രധാന അധ്യാപികയായ പി. അജിതയുടെ മൃതദേഹം പുലാമന്തോൾ പാലൂരിലെ വീട്ടിലെത്തിച്ചാകും സംസ്കരിക്കുക. കേരളത്തെ ഒന്നടങ്കം നടുക്കിയ ഈ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും പാങ്ങ് ഗ്രാമം ഇനിയും മുക്തമായിട്ടില്ല.



