ന്യൂഡൽഹി: വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണ്ണയ ബില്ലും ലോക്‌സഭയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സ്ത്രീ ശാക്തീകരണത്തെ അട്ടിമറിച്ചുവെന്നും വനിതാ പ്രാതിനിധ്യത്തിന്റെ ‘ഭ്രൂണഹത്യ’ യാണ് പ്രതിപക്ഷം നടത്തിയതെന്നുമാണ് ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആരോപിച്ചത്. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ഡി.എം.കെ തുടങ്ങിയ പാർട്ടികളുടെ സ്വാർത്ഥ രാഷ്ട്രീയം ഇന്ത്യൻ സ്ത്രീകളുടെ സ്വപ്നങ്ങളെ തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് അതീവ രൂക്ഷമായ ഭാഷയിലാണ് മമത ബാനർജി മറുപടി നൽകിയത്. മോദിയുടെ പ്രസ്താവനകൾ ‘കപടവും ഭീരുത്വവുമാണെന്ന്’ വിശേഷിപ്പിച്ച മമത, പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ചു. വനിതാ സംവരണത്തെ തൃണമൂൽ കോൺഗ്രസ് എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും എന്നാൽ സ്ത്രീകളെ ഒരു മറയാക്കി മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെയാണ് തങ്ങൾ എതിർക്കുന്നതെന്നും അവർ വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും പ്രാദേശിക കക്ഷികളുടെയും രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഇത് ഫെഡറൽ ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും മമത എക്സിൽ (X) കുറിച്ചു.
ബില്ല് പാസാക്കാൻ സാധിക്കാത്തതിൽ രാജ്യത്തെ വനിതകളോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി, തിരിച്ചടികൾക്കിടയിലും സംവരണം നടപ്പിലാക്കാൻ എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനൽകി. എന്നാൽ, 2023-ൽ തന്നെ ബില്ല് പാസാക്കിയിട്ടും അത് നടപ്പിലാക്കാതെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ച് നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാണെന്ന് മമത തിരിച്ചുചോദിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് പകരം പാർലമെന്റിൽ വന്ന് സംസാരിക്കാനുള്ള ധൈര്യം പ്രധാനമന്ത്രി കാണിക്കണമെന്നും അവർ വെല്ലുവിളിച്ചു. ലോക്‌സഭയിൽ ബില്ല് പരാജയപ്പെട്ടത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വലിയ ചർച്ചാവിഷയമാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.



