15-കാരിയെ പീഡിപ്പിച്ചു: കിളിമാനൂരിൽ വ്യാപാരി അറസ്റ്റിൽ; മാതാവിനെതിരെയും കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ 15 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ 52 വയസുകാരനായ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കാരേറ്റ് ബിജു സ്റ്റോർ ഉടമയും സീജാ ഭവനിൽ താമസക്കാരനുമായ ബിജുവാണ് പിടിയിലായത്. കേസിൽ പെൺകുട്ടിയുടെ മാതാവിനെയും പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഇവർ നിലവിൽ ഒളിവിലാണ്. ഭർത്താവുമായി അകന്നു കഴിയുന്ന മാതാവിനൊപ്പം വാടകവീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ, മാതാവിന്റെ സുഹൃത്തുകൂടിയായ പ്രതി വീട്ടിൽ വച്ചും വർക്കല ബീച്ചിൽ കൊണ്ടുപോയും പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. മാതാവിന്റെ സാന്നിധ്യത്തിലായിരുന്നു പലപ്പോഴും ഇത്തരം അതിക്രമങ്ങൾ നടന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

പീഡനം സഹിക്കവയ്യാതെ മാതാവുമായി പിണങ്ങി പിതാവിന്റെ വീട്ടിലേക്ക് പോയ പെൺകുട്ടി മടങ്ങി വരാൻ തയ്യാറാകാത്തതിനെത്തുടർന്ന്, പിതാവ് ജനപ്രതിനിധികളുടെ സഹായത്തോടെ കുട്ടിയെ തിരുവനന്തപുരത്തെ ‘സ്നേഹിത’ പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. അവിടെ നടത്തിയ കൗൺസിലിംഗിനിടെയാണ് ക്രൂരമായ പീഡനവിവരങ്ങൾ പുറത്തുവന്നത്. സ്നേഹിതയിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മാതാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles