30.6 C
Saudi Arabia
Wednesday, April 22, 2026
spot_img

ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ തിരിച്ചടി; രണ്ട് വിദേശ കപ്പലുകൾ പിടിച്ചെടുത്തു

ടെഹ്‌റാൻ: അന്താരാഷ്ട്ര കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് രണ്ട് വാണിജ്യ കപ്പലുകൾ ഇറാൻ്റെ വിപ്ലവ ഗാർഡ് പിടിച്ചെടുത്തു. എംഎസ്‌സി ഫ്രാൻസെസ്ക’, ‘എപ്പാമിനോണ്ടസ്’  എന്നീ കപ്പലുകളാണ് ഇറാൻ സൈന്യം കസ്റ്റഡിയിലെടുത്തതെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കപ്പലുകൾ തങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ചെന്നും അനുമതിയില്ലാതെ തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചെന്നുമാണ് ഇറാന്റെ ആരോപണം. ഹോർമുസ് കടലിടുക്കിലെ ക്രമവും സുരക്ഷയും ലംഘിക്കുന്നത് തങ്ങളുടെ ‘റെഡ് ലൈൻ’ ആണെന്നും ഇറാൻ്റെ വിപ്ലവ ഗാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത കപ്പലുകളെ വിശദമായ പരിശോധനകൾക്കായി ഇറാൻ തീരത്തേക്ക് മാറ്റിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ കാലാവധി നീട്ടിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ സൈനിക നീക്കം. പിടിച്ചെടുത്ത കപ്പലുകളിൽ ഒന്ന് ഇസ്രായേലുമായി ബന്ധമുള്ളതാണെന്നും മറ്റൊന്ന് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലെ മുന്ദ്ര തുറമുഖത്തേക്ക് പോവുകയായിരുന്നതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ചില ചരക്കു കപ്പലുകൾക്ക് നേരെ ഇറാൻ്റെ ഗൺബോട്ടുകൾ വെടിവെച്ചതായും റിപ്പോർട്ടുകളുണ്ട്. അമേരിക്ക ഇറാൻ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നാവിക ഉപരോധം തുടരുന്നതാണ് ഇത്തരം പ്രത്യാക്രമണങ്ങൾക്ക് ഇറാനെ പ്രേരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മേഖലയിലെ സംഘർഷാവസ്ഥ ആഗോള എണ്ണ വിപണിയെയും കപ്പൽ ഗതാഗതത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

 

Related Articles

- Advertisement -spot_img

Latest Articles