ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ നീക്കം ശക്തമാക്കുന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിൽ 11 പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള 73 രാജ്യസഭ എംപിമാരാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് ഇതുസംബന്ധിച്ച നോട്ടിസ് നൽകിയത്. 2026 മാർച്ച് 15-ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ അസാധാരണ നടപടി.
ഭരണഘടനയുടെ 324 (5), 124 (4) അനുച്ഛേദങ്ങൾ പ്രകാരം, ഒരു സുപ്രിം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ സങ്കീർണ്ണമായ ‘ഇംപീച്ച്‌മെന്റ്’ നടപടികളാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും താൽപ്പര്യങ്ങൾക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷണർ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും, മാർച്ച് 15-ന് ശേഷമുള്ള പ്രവർത്തനങ്ങളെ ആസ്പദമാക്കി അതീവ ഗുരുതരമായ ഒമ്പത് ആരോപണങ്ങൾ ഇദ്ദേഹത്തിന് മേൽ ഉണ്ടെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു.
നേരത്തെ മാർച്ച് 12-ന് പ്രതിപക്ഷം ഇതേ ആവശ്യമുന്നയിച്ച് നൽകിയ നോട്ടിസ് രാജ്യസഭാ അധ്യക്ഷനും ലോക്സഭാ സ്പീക്കറും തള്ളിയിരുന്നു. എന്നാൽ, കൂടുതൽ ശക്തമായ തെളിവുകളുമായാണ് ഇത്തവണ ജയറാം രമേശ് (കോൺഗ്രസ്), സാഗരിക ഘോഷ് (തൃണമൂൽ കോൺഗ്രസ്) എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനാപരമായ പരിരക്ഷയുള്ള പദവി ആയതിനാൽ, പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാൽ മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കാൻ സാധിക്കൂ. വരും ദിവസങ്ങളിൽ പാർലമെന്റിൽ ഈ വിഷയം വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വഴിതുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.



