റിയാദ്: തല ഒട്ടിച്ചേർന്ന നിലയിലായിരുന്ന മൗറീസ് ആൻ, ക്ലിയ മിസ എന്നീ ഏഴ് വയസ്സുകാരികളായ ഫിലിപ്പീൻസ് സഹോദരിമാരെ റിയാദിലെ കിംഗ് അബ്ദുള്ള സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. സൗദി ഭരണാധികാരികളുടെ നിർദ്ദേശപ്രകാരം സൗദി സഹായ ഏജൻസിയായ കെ.എസ് റിലീഫിന് (KSrelief) കീഴിലുള്ള ‘സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാം’ വഴിയാണ് ഈ ശസ്ത്രക്രിയ സൗജന്യമായി സംഘടിപ്പിച്ചത്. പ്രശസ്ത പീഡിയാട്രിക് ന്യൂറോ സർജൻ ഡോ. മുതാസെം അസൂബിയുടെ നേതൃത്വത്തിൽ മുപ്പതോളം മെഡിക്കൽ വിദഗ്ധർ പങ്കെടുത്ത ശസ്ത്രക്രിയ 18.5 മണിക്കൂറോളം നീണ്ടുനിന്നു. തലച്ചോറിലെ കോശങ്ങൾ പരസ്പരം പിണഞ്ഞുകിടന്നിരുന്നതും, കുഞ്ഞുങ്ങളിൽ ഒരാൾക്ക് ഹൃദയ-വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതും ശസ്ത്രക്രിയ അതീവ ദുഷ്കരമാക്കിയിരുന്നു. ഏകദേശം ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് അഞ്ച് ഘട്ടങ്ങളിലായി ഈ അപൂർവ്വ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
തങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലം ലഭിച്ചെന്നും കുഞ്ഞുങ്ങൾക്ക് പുതിയൊരു ജീവിതം നൽകിയ സൗദി അറേബ്യയോടും ഡോക്ടർമാരോടും കടപ്പെട്ടിരിക്കുന്നുവെന്നും ഇരട്ടകളുടെ മാതാവ് മാരിസെൽ മിസ അറിയിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ കാരുണ്യത്തിന് ഹൃദയംഗമമായ നന്ദി പറയുന്നതായും അവർ കൂട്ടിചേർത്തു. 1990-ൽ ഡോ. അബ്ദുള്ള അൽ-റബീഹയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ വിജയകരമായി വേർപെടുത്തുന്ന എഴുപതാമത്തെ ഇരട്ടകളാണ് ഇവർ. ഫിലിപ്പീൻസിൽ നിന്നുള്ള മൂന്നാമത്തെ ജോഡി കൂടിയാണിവർ. ഇതിനുമുമ്പ് 2004-ലും 2024 സെപ്റ്റംബറിലും ഫിലിപ്പീൻസിൽ നിന്നുള്ള ഇരട്ടകളെ സൗദിയിൽ വിജയകരമായി വേർപെടുത്തിയിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള കുട്ടികൾ സുഖം പ്രാപിച്ചുവരികയാണ്.



