ന്യൂയോർക്ക്: മയക്കുമരുന്ന് കടത്ത് കേസിൽ അമേരിക്കയിൽ വിചാരണ നേരിടുന്ന മുൻ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ വക്കീൽ ഫീസ് നൽകാൻ വെനിസ്വേലൻ സർക്കാരിനെ അനുവദിച്ച് അമേരിക്ക. ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സാമ്പത്തിക ഉപരോധത്തിൽ ഇളവ് നൽകാൻ യുഎസ് ഭരണകൂടം തീരുമാനിച്ചു. ഇതോടെ, വക്കീൽ ഫീസ് നൽകാൻ പണമില്ലാത്തതിനാൽ കേസ് തള്ളിക്കളയണമെന്ന മഡുറോയുടെ അഭിഭാഷകൻ ബാരി പൊള്ളാക്കിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കില്ല. ഫീസ് നൽകുന്നത് തടയുന്നത് മഡുറോയുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു.
2026 ജനുവരി 3-ന് കാരക്കാസിലെ വസതിയിൽ നിന്ന് യുഎസ് സ്പെഷ്യൽ ഫോഴ്സ് (‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’) പിടികൂടിയ മഡുറോയും (63) ഭാര്യ സിലിയ ഫ്ലോറസും (69) നിലവിൽ ബ്രൂക്ലിനിലെ ജയിലിലാണുള്ളത്. മയക്കുമരുന്ന് കടത്ത്, നാർക്കോ-ടെററിസം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ഇവർ കുറ്റം നിഷേധിച്ചു. മഡുറോ പുറത്തായതിനുശേഷം വെനിസ്വേലയിൽ ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിൽ പുതിയ താൽക്കാലിക സർക്കാർ അധികാരമേറ്റതോടെ അമേരിക്കയും വെനിസ്വേലയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാനുഷികവും നിയമപരവുമായ പരിഗണനകൾ നൽകി ഉപരോധത്തിൽ ഇളവ് വരുത്തിയത്. പ്രതികൾ നിലവിൽ യുഎസ് കസ്റ്റഡിയിലായതിനാൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് ജഡ്ജി ആൽവിൻ ഹെല്ലർസ്റ്റീൻ നിരീക്ഷിച്ചു. വരും മാസങ്ങളിൽ ഈ കേസിൽ കൂടുതൽ സുപ്രധാനമായ വിചാരണ നടപടികൾ ആരംഭിക്കും.



