ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയ്ക്ക് പുറത്തുള്ള ബക്കാസി തിമൂർ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഗംബീറിൽ നിന്ന് സുരബായയിലേക്ക് പോകുകയായിരുന്ന ‘അർഗോ ബ്രോമോ ആംഗ്രെക്’ എന്ന ദീർഘദൂര ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കമ്മ്യൂട്ടർ ട്രെയിനിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 81 പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും റെയിൽവേ വക്താവ് ആനി പുർബ അറിയിച്ചു.
കമ്മ്യൂട്ടർ ട്രെയിനിലെ സ്ത്രീകൾക്കായി സംവരണം ചെയ്ത അവസാനത്തെ കോച്ചിലേക്കാണ് ദീർഘദൂര ട്രെയിൻ ഇടിച്ചു കയറിയത്. ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ഇടിയുടെ ആഘാതത്തിൽ തകർന്ന കോച്ചുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ സൈന്യത്തിന്റെയും റെഡ്ക്രോസിന്റെയും സഹായത്തോടെ പുരോഗമിക്കുകയാണ്. ദീർഘദൂര ട്രെയിനിലുണ്ടായിരുന്ന 240 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തെത്തുടർന്ന് ജക്കാർത്ത – ബക്കാസി പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സിഗ്നൽ സംവിധാനത്തിലെ തകരാറാണോ അതോ മനുഷ്യസഹജമായ പിഴവാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഭയപ്പെടുന്നു



