“അതിർത്തി കാക്കേണ്ടവർ രാഷ്ട്രീയം കളിക്കുന്നു”; കേന്ദ്രസേനയെ പ്രതിക്കൂട്ടിലാക്കി മമതാ ബാനർജി

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കവെ കേന്ദ്ര സേനയായ സി.ആർ.പി.എഫിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി രംഗത്തെത്തി. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ട കേന്ദ്രസേന ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മമത ആരോപിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ രീതിയിലല്ല വോട്ടെടുപ്പ് നടക്കുന്നതെന്നും ഇത്തരമൊരു ജനാധിപത്യം മുൻപൊരിക്കലും കണ്ടിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. പോളിങ് ബൂത്തുകളിൽ സംസ്ഥാന പൊലീസിന്റെ സാന്നിധ്യമില്ലെന്നും മിക്കയിടങ്ങളിലും സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ അന്യായമായാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ അതിർത്തി കാക്കേണ്ട സേന, അതിനുപകരം രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മമത വിമർശിച്ചു. ബിജെപിയുടെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ കുറ്റപ്പെടുത്തൽ. വിവിധ മണ്ഡലങ്ങളിൽ വോട്ടർമാരെയും ടി.എം.സി പ്രവർത്തകരെയും കേന്ദ്രസേന പീഡിപ്പിക്കുകയാണെന്നും ഇത് ജനാധിപത്യത്തെ ക്രൂരമായി അടിച്ചമർത്തുന്നതിന് തുല്യമാണെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്രസേനയുടെ ഇടപെടൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് കളങ്കമാണെന്ന് ആരോപിച്ച മമത, എന്തുതന്നെയായാലും തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles