24.4 C
Saudi Arabia
Wednesday, April 29, 2026
spot_img

അമേരിക്കയ്ക്ക് വ്യക്തമായ തന്ത്രമില്ല; ഇറാൻ യുദ്ധത്തിൽ വിമർശനവുമായി സ്വീഡിഷ് പ്രധാനമന്ത്രി

സ്റ്റോക്ക്ഹോം: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് വ്യക്തമായോ ഏകോപിതമോ ആയ തന്ത്രങ്ങളില്ലെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഉയരുന്ന ശക്തമായ വിമർശനങ്ങൾക്കിടെയാണ് സ്വീഡനും നിലപാട് വ്യക്തമാക്കിയത്. ഇറാൻ ആണവായുധങ്ങൾ കൈക്കലാക്കുന്നത് തടയുക എന്ന പ്രഖ്യാപിത ലക്ഷ്യം എങ്ങനെ കൈവരിക്കാനാണ് വാഷിംഗ്ടൺ ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണെന്ന് സ്വീഡിഷ് റേഡിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിലവിലെ സൈനിക നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ ഒരു പദ്ധതിയോ ലക്ഷ്യമോ കാണാൻ തനിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ നയതന്ത്രത്തെ വിമർശിക്കുന്ന ഏക യൂറോപ്യൻ നേതാവല്ല ക്രിസ്റ്റേഴ്സൺ. കഴിഞ്ഞ ദിവസം ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസും സമാനമായ വിമർശനം ഉന്നയിച്ചിരുന്നു. ഇറാൻ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു ‘എക്സിറ്റ് സ്ട്രാറ്റജി’ അമേരിക്കയുടെ പക്കലില്ലെന്നും, ടെ ഹ്‌റാനുമായുള്ള ചർച്ചകളിൽ വാഷിംഗ്ടൺ അപമാനിക്കപ്പെട്ടുവെന്നും മെർസ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, വിഷയത്തിൽ കൂടുതൽ ഗൗരവമേറിയതും സുസ്ഥിരവുമായ സമീപനം സ്വീകരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെയുള്ള ആക്രമണം ആഗോള സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിൽ, യൂറോപ്യൻ സഖ്യകക്ഷികൾക്കിടയിൽ അമേരിക്കൻ നിലപാടുകളോടുള്ള അതൃപ്തി വർധിച്ചുവരികയാണെന്ന് ഈ പ്രസ്താവനകൾ സൂചിപ്പിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles