റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അവസാനഘട്ട നടപടികൾ വേഗത്തിലാക്കിയതായി റിയാദ് റഹീം സഹായ സമിതി അറിയിച്ചു. സൗദി കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ചയോടെ പൂർത്തിയാകും. ശിക്ഷാ കാലാവധി കഴിയുന്നതോടെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകുന്നതോടെ ഔദ്യോഗിക നടപടികൾ പൂർത്തിയാകും. തുടർന്ന് യാത്ര തിയതി നിശ്ചയിച്ച് റഹീമിന് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയിൽ അധികൃതരുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട്) ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്ന് കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂർ അറിയിച്ചു. ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്നും മോചനം ഒട്ടും വൈകില്ലെന്നും സഹായ സമിതി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമലയാളികൾ കൈകോർത്ത മഹാദൗത്യം അതിന്റെ ലക്ഷ്യ പ്രാപ്തിയിലേക്ക് എത്തുമ്പോൾ, ഇതിൽ പങ്കാളികളായ എല്ലാ മനുഷ്യസ്നേഹികൾക്കും സമിതി മുഖ്യരക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് നന്ദി രേഖപ്പെടുത്തി.
സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇതുവരെയുള്ള പുരോഗതികൾ വിലയിരുത്തി. ജയിലിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി നാടുകടത്തൽ കേന്ദ്രത്തിലേക്ക് (തർഹീൽ) മാറ്റിയാലുടൻ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വൈസ് ചെയർമാൻ മുനീബ് പാഴൂർ, കോർകമ്മറ്റി കോഡിനേറ്റർ നാസർ കാരന്തൂർ, കോഡിനേറ്റർ ഹർഷദ് ഫറോക്ക്, ഷകീബ് കൊളക്കാടൻ, യൂസഫ് കാക്കഞ്ചേരി, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ധീൻ സഹീർ, നവാസ് വെള്ളിമാട്കുന്ന്, മൊയ്തീൻ കോയ കല്ലമ്പാറ, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, മുഹമ്മദ് നജാത്തി, ഷമീം മുക്കം നൗഫൽ പാലക്കാടൻ സമിതി അംഗങ്ങൾ വരും ദിവസങ്ങളിൽ ഫറോക്കിലെ സഹായ ട്രസ്റ്റുമായി ഓൺലൈൻ യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.



