കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിച്ചു; സിദ്ധരാമയ്യ സർക്കാരിന്റെ നിർണ്ണായക ഉത്തരവ്

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിന്നിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചുകൊണ്ട് സിദ്ധരാമയ്യ സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. 2022-ൽ അന്നത്തെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിരോധന ഉത്തരവാണ് (GO No. 14) ഇതോടെ റദ്ദായത്. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു എന്നിവർ ബുധനാഴ്ച ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. വസ്ത്രധാരണവും ഭക്ഷണവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുൻ നിലപാടിന്റെ തുടർച്ചയായാണ് ഈ നടപടി.

പുതിയ ഉത്തരവ് പ്രകാരം, സ്കൂളുകളിലും കോളേജുകളിലും നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം ഹിജാബ് ഉൾപ്പെടെയുള്ള മതപരവും ആചാരപരവുമായ ചിഹ്നങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടാകും. ഹിജാബിന് പുറമെ പൂണൂൽ രുദ്രാക്ഷം, പെറ്റ (പരമ്പരാഗത തലപ്പാവ്) തുടങ്ങിയവ ധരിക്കുന്നതിനും വിലക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം ചിഹ്നങ്ങൾ അച്ചടക്കം, ശുചിത്വം, സുരക്ഷ എന്നിവയെ ബാധിക്കാത്ത രീതിയിലായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് നിർദ്ദേശമുണ്ട്. ഏതെങ്കിലും വിദ്യാർത്ഥിയെ ഇത്തരം ചിഹ്നങ്ങൾ ധരിക്കാനോ നീക്കം ചെയ്യാനോ നിർബന്ധിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം, മതേതരത്വം, വ്യക്തിഗൗരവം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഹിജാബ് നിരോധനം മൂലം ആയിരക്കണക്കിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുവെന്ന അക്കാദമിക് വിദഗ്ധരുടെ പരാതികൾ കൂടി കണക്കിലെടുത്താണ് കോൺഗ്രസ് സർക്കാരിന്റെ ഈ നീക്കം. സർക്കാർ വിദ്യാലയങ്ങൾക്കും എയ്ഡഡ്-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്. നിയമവകുപ്പുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് വിവാദമായ പഴയ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും സർക്കാർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles