തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ആർഭാടങ്ങൾ ഒഴിവാക്കി പുതിയ മാതൃക സൃഷ്ടിക്കാനൊരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തനിക്ക് സഞ്ചരിക്കാൻ പുതിയ ഔദ്യോഗിക കാർ വാങ്ങേണ്ടതില്ലെന്നും നിലവിലുള്ള വാഹനം തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക നില വഷളായിരിക്കുന്ന സമയത്ത് പുതിയ കാർ വാങ്ങുന്നത് ഭരണസംവിധാനത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, ഭരണാധികാരികൾ ആർഭാടം കുറച്ച് ജനങ്ങൾക്ക് മാതൃകയാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലുള്ള കാറിന്റെ നിറം നോക്കില്ലെന്നും അത് ഏതായാലും താൻ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡിലൂടെ വലിയ പത്രാസോടെ യാത്ര ചെയ്യുന്നത് ജനങ്ങളുടെ പരിഹാസത്തിന് ഇടയാക്കുമെന്നും താൻ അത്രയ്ക്കൊന്നും ആയിട്ടില്ലെന്നുമാണ് സതീശന്റെ നിലപാട്. തന്റെ യാത്രകൾക്കിടയിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അകമ്പടി വാഹനങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്ന രീതിയിൽ ചുരുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് പോയവർക്ക് വലിയ സുരക്ഷാ വ്യൂഹങ്ങൾ ആവശ്യമുണ്ടായിരുന്നിരിക്കാം, താൻ ആരെയും പരിഹസിക്കുകയല്ലെന്നും എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുകളിലുള്ളവർ ആർഭാടം കാണിച്ചാൽ താഴെയുള്ളവരും അത് അനുകരിക്കുമെന്നും കേരളത്തിന്റെ ഖജനാവിന് അത് താങ്ങാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കറുത്ത നിറത്തിലുള്ള കിയ കാർണിവൽ കാറായിരുന്നു കഴിഞ്ഞ രണ്ടു വർഷമായി ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. രണ്ട് പൈലറ്റ് വാഹനങ്ങൾ, നാല് എസ്കോർട്ട് കാറുകൾ, ബാക്കപ്പ് വാഹനം, ആംബുലൻസ്, സ്ട്രൈക്കർ ഫോഴ്സ് എന്നിവയടക്കം 14-ഓളം വാഹനങ്ങൾ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നു. എന്നാൽ, ഈ രീതി പൂർണ്ണമായും ഒഴിവാക്കി ലളിതമായ യാത്രാ സംവിധാനങ്ങളുമായി മുന്നോട്ട് പോകാനാണ് വി.ഡി. സതീശന്റെ തീരുമാനം.



