റിയാദ്: റിയാദ് നഗരത്തിലെ ഗതാഗത സൗകര്യങ്ങളിൽ പുതിയ വിപ്ലവം കുറിച്ചുകൊണ്ട് റിയാദ് മെട്രോയുടെ വെസ്റ്റേൺ സ്റ്റേഷൻ വെള്ളിയാഴ്ച മുതൽ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ റിയാദ് മെട്രോ പദ്ധതിയിലെ നാല് പ്രധാന സ്റ്റേഷനുകളുടെയും നിർമ്മാണം പൂർത്തിയായി. കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ, എസ്ടിസി അൽ-ഒലയ്യ സ്റ്റേഷൻ, ഖസർ അൽ-ഹുക്കം സ്റ്റേഷൻ എന്നിവയ്ക്കൊപ്പം റിയാദ് മെട്രോയുടെ അടയാളമായി മാറുന്ന ഏറ്റവും വലിയ സ്റ്റേഷനാണ് വെസ്റ്റേൺ സ്റ്റേഷൻ. ഏകദേശം 1,12,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഈ കൂറ്റൻ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദമായ രൂപകൽപ്പനയ്ക്കും ഊർജ്ജക്ഷമതയ്ക്കും ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ച ഈ സ്റ്റേഷൻ ആധുനിക സൗകര്യങ്ങളുടെ കലവറയാണ്. ഒരേസമയം 550 പേർക്ക് പ്രാർത്ഥിക്കാവുന്ന പള്ളി, വിശാലമായ വാണിജ്യ കേന്ദ്രങ്ങൾ, പൊതുജനങ്ങൾക്കുള്ള വിശ്രമ സൗകര്യങ്ങൾ, 600-ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രതിമണിക്കൂറിൽ 60,000 റെയിൽ യാത്രക്കാരെയും 1,300 ബസ് യാത്രക്കാരെയും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ സ്റ്റേഷൻ റിയാദിലെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസ്പോർട്ട് ഹബ്ബായി മാറും.
റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ദഹ്റത്ത് അൽ-ബദിയയിലാണ് വെസ്റ്റേൺ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ജിദ്ദ സ്റ്റേഷനെയും തുവൈക്കിനെയും കിഴക്കൻ റിയാദിലെ ഖഷം അൽ-ആനുമായി ബന്ധിപ്പിക്കുന്ന മെട്രോയുടെ ഓറഞ്ച് ലൈനിലെ പ്രധാന ഇടത്താവളമാണിത്. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് നഗര ഗതാഗതം സുഗമമാക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. റിയാദ് മെട്രോ പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.



