തെരഞ്ഞെടുപ്പ് പരാജയത്തിൽ തിരുവനന്തപുരം സി.പി.എമ്മിൽ ഭിന്നത; മുൻ മേയർക്കെതിരെ വി. ശിവൻകുട്ടിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുൻ മേയർ ആര്യാ രാജേന്ദ്രന്റെ തലയിൽ കെട്ടിവെച്ച് സി.പി.എം ജില്ലാ കമ്മിറ്റിയിൽ മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആര്യ രാജേന്ദ്രനെതിരെ ശിവൻകുട്ടി ആഞ്ഞടിച്ചത്. മേയർ എന്ന നിലയിൽ ആര്യയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കിയെന്നും, പ്രചാരണ വേളയിൽ ആര്യയെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആര്യയ്ക്ക് ചുമതല നൽകിയ വാർഡിൽ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച സ്ഥാനത്ത് കേവലം അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും ഇത് അവരുടെ പ്രവർത്തനങ്ങളുടെ പരാജയമാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ സമയത്ത് ആര്യയെ പരസ്യമായി പിന്തുണച്ച ശിവൻകുട്ടി, ഇപ്പോൾ നിലപാട് മാറ്റിയത് പാർട്ടിയിലെ ആഭ്യന്തര ഭിന്നതയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.

അതേസമയം, തെരഞ്ഞെടുപ്പിലെ പരാജയത്തെ ഗൗരവത്തോടെ കാണുമ്പോഴും പാർട്ടി തിരിച്ചുവരുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ചരിത്രത്തിലെ മുൻകാല തിരിച്ചടികളായ 1977-ലെ അടിയന്തരാവസ്ഥാ കാലഘട്ടവും 2001-ലെ പരാജയവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, അത്തരം പ്രതിസന്ധികളിൽ നിന്ന് പാഠമുൾക്കൊണ്ട് പിന്നീട് 99 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തിയ ചരിത്രം ഓർമ്മിപ്പിച്ചു. ജനക്ഷേമ പദ്ധതികളും വികസനക്കുതിപ്പും നടപ്പിലാക്കിയിട്ടും പരാജയം സംഭവിച്ചതെന്താണെന്ന് പാർട്ടി ഗൗരവമായി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളവൽക്കരണ നയങ്ങളാൽ പിന്നോക്കം പോയ 30 ശതമാനം വരുന്ന ജനവിഭാഗത്തെ മുൻനിരയിലെത്തിക്കാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ ഊന്നൽ നൽകിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിരോധം. നിലവിലെ പ്രതിസന്ധി മറികടന്ന് പാർട്ടി കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയിലാണ് എം.വി. ഗോവിന്ദൻ.

Related Articles

- Advertisement -spot_img

Latest Articles