തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ രൂപീകരിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് കേസിൽ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ഷൗക്കത്തലി.
2023 ഡിസംബറിൽ ആലപ്പുഴയിൽ വെച്ച് നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദിച്ചെന്നായിരുന്നു കേസ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്ന് വലിയ വിവാദമായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ‘രക്ഷാപ്രവർത്തനം’ മാത്രമാണ് ഉദ്യോഗസ്ഥർ നടത്തിയതെന്നായിരുന്നു പിണറായി വിജയൻ അന്ന് സംഭവത്തെ ന്യായീകരിച്ചത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വം ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.
തുടക്കത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്ന് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുകയും, കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ കേസെടുക്കുകയുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അധികാരത്തിലെത്തിയാൽ പ്രവർത്തകരെ ആക്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് വി.ഡി. സതീശൻ നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗൺമാൻമാരായ അനിൽ കുമാറിനും സന്ദീപിനും എതിരെ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം: പുനരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു



