കണ്ണൂർ: പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. ഹൈക്കോടതി അനുവദിച്ച അഞ്ചുദിവസത്തെ അടിയന്തര പരോളിലാണ് നിഷാദ് വീണ്ടും ജയിൽ മോചിതനാകുന്നത്. ജയിൽ സൂപ്രണ്ടിന് നൽകിയ പരോൾ അപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആറുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജയിലിൽ കിടന്നുകൊണ്ട് മത്സരിച്ച് വിജയിച്ച നിഷാദിന്, ശിക്ഷാവിധി നിലനിൽക്കുന്നതിനാൽ ഇതുവരെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ സാധിച്ചിട്ടില്ല. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് കോടതി ശിക്ഷാവിധി വന്നതെന്നതിനാൽ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമുണ്ടായിരുന്നില്ല. കഴിഞ്ഞ നവംബർ 25-ന് ശിക്ഷിക്കപ്പെട്ട് കൃത്യം ഒരു മാസത്തിന് ശേഷം ഡിസംബർ 26-ന് ആദ്യമായി പരോളിലിറങ്ങിയ നിഷാദ്, ജനുവരി 11 വരെയും പിന്നീട് 15 ദിവസത്തേക്ക് കൂടി ആ പരോൾ നീട്ടിവാങ്ങുകയും ചെയ്തിരുന്നു.
ഫെബ്രുവരിയിൽ പിതാവിന്റെ ചികിത്സാ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസത്തെ പരോൾ ലഭിച്ചതിന് പിന്നാലെയാണ്, ഇപ്പോൾ ഭാര്യയുടെ മാതാവിന്റെ ചികിത്സാ കാരണങ്ങൾ പറഞ്ഞ് അദ്ദേഹം വീണ്ടും പുറത്തിറങ്ങുന്നത്. നേരത്തെ പരോളിലിറങ്ങിയ വേളയിൽ, പാർട്ടി വ്യവസ്ഥകൾ ലംഘിച്ച് സിപിഎം നേതാവ് വി. കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന പ്രകടനത്തിൽ നിഷാദ് പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.



