രൂപയ്ക്ക് റെക്കോർഡ് തകർച്ച; ദിർഹം നിരക്ക് 26.29 രൂപയിലെത്തി; നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ വൻ തിരക്ക്

ദുബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ, യു.എ.ഇ ദിർഹവുമായുള്ള വിനിമയ നിരക്കിൽ വൻ കുതിപ്പ്. ചരിത്രത്തിലാദ്യമായി ദിർഹവുമായുള്ള വിനിമയ നിരക്ക് 26.29 രൂപയിലെത്തി. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 96.88 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. 2026-ന്റെ തുടക്കത്തിൽ ഡോളറിനെതിരെ 89 എന്ന നിലയിലായിരുന്ന രൂപ, നിലവിൽ 6 മുതൽ 7 ശതമാനം വരെ ഇടിഞ്ഞ് 96-ഉം കടന്ന് മുന്നോട്ട് പോവുകയാണ്. ദിർഹത്തിന്റെ മൂല്യം ഉയർന്നതോടെ യു.എ.ഇയിലെ പ്രമുഖ എക്സ്ചേഞ്ചുകളിൽ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രവാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ആഗോള സംഘർഷങ്ങൾക്കിടയിൽ രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 110 ഡോളറിന് മുകളിലേക്ക് ഉയർന്നതാണ് രൂപയുടെ മൂല്യം ഇത്രത്തോളം താഴാൻ പ്രധാന കാരണം. ഇന്ത്യയുടെ ക്രൂഡോയിൽ ആവശ്യകതയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതിനാൽ, എണ്ണ വാങ്ങാൻ കൂടുതൽ ഡോളർ ആവശ്യമായി വരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുകയും രൂപയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും കടപ്പത്രങ്ങളിൽ നിന്നും വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയ്ക്ക് കനത്ത തിരിച്ചടിയായി. നിക്ഷേപകർ സുരക്ഷിത കറൻസിയായ ഡോളറിലേക്ക് മാറുന്നതിനായി ഇന്ത്യൻ രൂപ വിറ്റഴിക്കുന്നത് വിനിമയ നിരക്ക് കുത്തനെ ഇടിയാൻ കാരണമാകുന്നുണ്ട്.

ഇന്ത്യയിലേക്കുള്ള സ്വർണം, വെള്ളി, എണ്ണ തുടങ്ങിയവയുടെ ഇറക്കുമതിച്ചെലവ് ഉയർന്നതും എന്നാൽ അതിനനുസരിച്ച് കയറ്റുമതി വരുമാനം വർധിക്കാത്തതും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിച്ചിരിക്കുകയാണ്. ഗൾഫ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രൂപ പെട്ടെന്ന് ശക്തി പ്രാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. രൂപയുടെ മൂല്യശോഷണം തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) വിപണിയിൽ അടിയന്തര ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും ആഗോള പ്രതിസന്ധികൾ കാരണം രൂപയുടെ മൂല്യം പൂർണ്ണമായി തിരിച്ചുപിടിക്കുന്നത് വെല്ലുവിളിയാണ്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിൽ ഇറക്കുമതിച്ചെലവ് കൂട്ടുകയും നാട്ടിൽ വലിയ പണപ്പെരുപ്പത്തിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് മുൻ യു.എൻ ഉപദേശകനും സാമ്പത്തിക വിദഗ്ധനുമായ സന്തോഷ് മെഹ്‌റോത്ര മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ രൂപ 90-ൽ നിന്ന് 96-ലേക്ക് എത്തിക്കഴിഞ്ഞുവെന്നും, ഈ സാഹചര്യം തുടർന്നാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 100 കടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകൾ, വിദേശ യാത്രകൾ, കുട്ടികളുടെ വിദേശ പഠന ചെലവുകൾ എന്നിവ വൻതോതിൽ വർധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles