വിജയ്‌ക്ക് കൈ കൊടുത്ത് കോൺഗ്രസ്; തമിഴ്‌നാട്ടിൽ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് ഭരണത്തിലേക്ക്

ചെന്നൈ: ദ്രാവിഡ പാർട്ടികൾ മാറിമറിഞ്ഞ് ഭരണം കൈയാളിയ തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ വലിയ വഴിത്തിരിവ്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട്ടിൽ ഭരണത്തിന്റെ ഭാഗമാകുന്നു. തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ് നയിക്കുന്ന പുതിയ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് പ്രതിനിധികൾ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസ് എം.എ.എമാരായ അഡ്വ. രാജേഷ് കുമാർ, പി. വിശ്വനാഥ് എന്നിവരാണ് മന്ത്രിമാരായി ചുമതലയേൽക്കുന്നത്. ഇരുവരുടെയും മന്ത്രിസ്ഥാനത്തിന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. ഇതൊരു ചരിത്ര നിമിഷമാണെന്നും രാഹുൽ ഗാന്ധിയുടെ ജനക്ഷേമ നയങ്ങളും കാഴ്ചപ്പാടുകളും തമിഴ്‌നാട്ടിൽ നടപ്പിലാക്കാൻ പുതിയ മന്ത്രിമാർക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നേതൃത്വം നൽകിയ സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ (മതേതര പുരോഗമന സഖ്യം) ഭാഗമായാണ് കോൺഗ്രസ് മത്സരിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വിജയ്‌യുടെ ടി.വി.കെ സിംഗിൾ ലാർജസ്റ്റ് പാർട്ടിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് (118 സീറ്റുകൾ) തൊട്ടടുത്ത് (108 സീറ്റുകൾ) വെച്ച് ഭരണം ഉറപ്പിക്കാനാകാത്ത പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ, മത്സരിച്ച അഞ്ച് സീറ്റുകളിലും വിജയിച്ച കോൺഗ്രസ് തങ്ങളുടെ 5 എം.എൽ.എമാരുടെയും പിന്തുണ വിജയിക്ക് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് കോൺഗ്രസിന് മന്ത്രിസഭയിലേക്ക് വഴിതുറന്നത്. നേരത്തെ ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന ഇടതുപക്ഷ പാർട്ടികളും വിജയ് സർക്കാരിന് പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സഖ്യം വിട്ട് വിജയ്‌യുടെ പാളയത്തിലെത്തിയ കോൺഗ്രസിന്റെ നടപടിക്കെതിരെ ഡി.എം.കെ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസിന്റേത് കടുത്ത വഞ്ചനയാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തങ്ങളോട് ഒരു നന്ദി പറയാൻ പോലും തയ്യാറാകാത്ത കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്നും ഡി.എം.കെ നേതാക്കൾ ആരോപിച്ചു. വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിൽ തങ്ങൾക്ക് പ്രതിപക്ഷ നിരയിൽ നിന്ന് മാറി പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുമുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles