കൗൺസിലിങ്ങിനെത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് പോക്സോ കേസിൽ അറസ്റ്റിൽ

കൊല്ലം: കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രമുഖ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. മയ്യനാട് സ്വദേശിയായ സന്തോഷ് സുകുമാരൻ (69) ആണ് വർക്കല പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇയാളെ പോലീസ് തന്ത്രപരമായി വലയിലാക്കിയത്. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കൗൺസിലിങ് എന്ന വ്യാജേന വർഷങ്ങളോളമാണ് ഇയാൾ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതലായിരുന്നു അമ്മയോടൊപ്പം ഇയാളുടെ അടുക്കൽ കൗൺസിലിങ്ങിനായി എത്തിയിരുന്നത്. കൗൺസിലിങ് മുറിയിൽ അമ്മയെ പ്രവേശിപ്പിക്കാതെ തന്ത്രപൂർവ്വം പുറത്തുനിർത്തിയ ശേഷമായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഇയാൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും രക്ഷിതാക്കൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

കൗൺസിലിങ്ങിന് പോയിത്തുടങ്ങിയതിനു ശേഷം കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അസ്വാഭാവികമായ മാറ്റങ്ങൾ കണ്ട് ഭയന്ന രക്ഷിതാക്കൾ പിന്നീട് കുട്ടിയെ മറ്റൊരു സൈക്കോളജിസ്റ്റിന്റെ അടുത്ത് കൗൺസിലിങ്ങിന് വിധേയയാക്കുകയായിരുന്നു. അവിടെ വെച്ച് നടത്തിയ വിദഗ്ദ്ധ കൗൺസിലിങ്ങിലാണ് താൻ സന്തോഷ് സുകുമാരനിൽ നിന്നും അനുഭവിച്ച അതിക്രൂരമായ ലൈംഗിക പീഡനവിവരങ്ങൾ പെൺകുട്ടി തുറന്നുപറഞ്ഞത്. വിവരമറിഞ്ഞ് ഞെട്ടിയ രക്ഷിതാക്കൾ ഉടൻ തന്നെ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles