വിദ്യാർത്ഥിപ്രതിഭകൾക്ക് ആദരം; ജുബൈൽ മലയാളി സമാജം ‘അക്കാദമിക് എക്സലൻസ് അവാർഡുകൾ’ വിതരണം ചെയ്തു.

ജുബൈൽ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരെ ആദരിക്കുന്നതിനായി സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “അക്കാദമിക് എക്സലൻസ് അവാർഡ്സ് 2026” ജുബൈൽ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പഠനരംഗത്തെ മികവിനൊപ്പം കലയും സാംസ്കാരിക കൂട്ടായ്മയും കോർത്തിണക്കിയ ചടങ്ങ് ജുബൈലിലെ പ്രവാസി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറി.

സമാജം പ്രസിഡന്റ ബൈജു അഞ്ചലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്, ഇന്ത്യൻ സ്കൂളിലെ മലയാള അധ്യാപകൻ സനൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ പ്രതികൂല സാഹചര്യങ്ങളിലും കുട്ടികൾ കൈവരിക്കുന്ന  വിദ്യാഭ്യാസ നേട്ടങ്ങൾ സമൂഹത്തിന്റെ വലിയ അഭിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗീകാരങ്ങൾ കുട്ടികളുടെ ഭാവിയിലേക്കുള്ള വലിയ ഇന്ധനമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ നേട്ടങ്ങൾക്കൊപ്പം കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു തുടർന്നുള്ള കലാപരിപാടികൾ. ‘വിദ്യാഭ്യാസ മികവിനൊപ്പം കലാപരമായ കഴിവുകളും വളർത്തേണ്ടത് അത്യാവശ്യമാണ്’ എന്ന സന്ദേശമുയർത്തി കുട്ടികളും മുതിർന്നവരും ഒരുക്കിയ സംഗീത-നൃത്ത വിരുന്ന് കാണികൾക്ക് മനോഹരമായ സാംസ്കാരിക സായാഹ്‌നം സമ്മാനിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ 34 വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

പരിപാടിയുടെ മുഖ്യ പ്രായോജകരായ ജുബൈൽ ലുലു ഹൈപ്പർമാർക്കറ്റിനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ റോഷനും, ബദർ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഓപ്പറേഷൻ മാനേജർ ഷിനോജ്, ഡോ. ഫവാസ് എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ ജയൻ തച്ചൻപാറ, സൈഫുദ്ധീൻ പോറ്റശ്ശേരി, സലീം ആലപ്പുഴ, സാറാഭായ്, അബ്ബാസ്, അൻഷാദ് ആദം എന്നിവരും കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

മലയാളി സമാജം രക്ഷാധികാരി ഷാജഹാൻ ഖുൽഫി, ലേഡീസ് വിംഗ് ഭാരവാഹികളായ ആശ ബൈജു,, നീതു രാജേഷ് , എന്നിവരെ കൂടാതെ സിനി സന്തോഷ്, ബിബി രാജേഷ്, ധന്യ ഫെബിൻ, ഷഫീക് താനൂർ, ഹാരിസ്, ഗിരീഷ്, ഫാത്തിമ അഫ്സൽ, നവീൻ കോതേരി, രഞ്ജിത് കുമാർ, അഷ്‌റഫ്‌ നിലമേൽ, റിയാസ് എൻ.പി, ഷജീർ തച്ചൻപാറ, ഫരീദ ഹാരിസ്, ഗീതു വിഷ്ണു, ജോസഫ് മാത്യു, എബി ജോൺ, ഷൈലകുമാർ, ബെൻസൺ, ജലീൽ, അജ്‌മൽ സാബു, രാജേഷ്, മഹേഷ്‌ എന്നിവർ നേതൃത്വം നൽകി.

നവ്യ വിനോദും മുബാറക് ഷാജഹാനും അവതാരകരായ ചടങ്ങിൽ സമാജം സെക്രട്ടറി സന്തോഷ് ചക്കിങ്ങൽ സ്വാഗതവും ട്രഷറർ സുമോദ് മോഹൻ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles