കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് ദുരൂഹ പണമിടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. റെയ്ഡിൽ പിടിച്ചെടുത്ത ബാങ്ക് രേഖകളും മറ്റ് വിവരങ്ങളും വിശദമായി പരിശോധിച്ച ശേഷം വീണാ വിജയന് സമൻസ് അയക്കാനാണ് ഇ.ഡി നീക്കം. ഇവർക്ക് പുറമെ സി.എം.ആർ.എൽ കമ്പനി എം.ഡി. എസ്.എൻ. ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത, കമ്പനിയിലെ സാമ്പത്തിക-ഐ.ടി വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയും ചോദ്യം ചെയ്യലിന് വിധേയരാക്കും.
കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകൾക്ക് പിന്നാലെ 242 ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 18.36 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു. ഇതിൽ ഭൂരിഭാഗവും സി.എം.ആർ.എൽ കമ്പനിയുമായും ശശിധരൻ കർത്തയുടെ കുടുംബവുമായും ബന്ധപ്പെട്ടതാണ്. വീണാ വിജയന്റെ ഒന്നരലക്ഷം രൂപയുള്ള വ്യക്തിഗത അക്കൗണ്ടും, അവരുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ അക്കൗണ്ടും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ എക്സാലോജിക്കിന് സി.എം.ആർ.എൽ 2.78 കോടി രൂപയുടെ വ്യാജ പെയ്‌മെന്റുകൾ നൽകിയതായും, ശശിധരൻ കർത്തയുടെ നിയന്ത്രണത്തിലുള്ള മറ്റൊരു കമ്പനി വഴി എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്.
നിലവിൽ എക്സാലോജിക് ഇടപാടുകളിലാണ് ഇ.ഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഡയറിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഈ കേസ് പൂർത്തിയായ ശേഷമേ മറ്റു പേരുകളിലേക്ക് അന്വേഷണം നീളുകയുള്ളൂ. റെയ്ഡിനിടെയുണ്ടായ ആക്രമണത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ഇ.ഡി ആരോപിക്കുന്നു. ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾക്കിടയിലും കടുത്ത സംയമനമാണ് ഉദ്യോഗസ്ഥർ പാലിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. അന്വേഷണം തുടരാമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മരവിപ്പിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (PMLA) അന്വേഷണത്തിന് എഫ്.ഐ.ആർ അനിവാര്യമാണെന്നും, നിലവിലെ അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനി ഉന്നയിക്കുന്ന വാദം. ഈ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.



