കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ (മാസപ്പടി കേസ്) പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെടെ ഒമ്പത് പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് സമൻസിലെ നിർദ്ദേശം. ടി. വീണയ്ക്ക് പുറമെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുരേഷ് കുമാർ തുടങ്ങിയ പ്രമുഖർക്കും സമൻസ് ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കടുത്ത നിയമപോരാട്ടങ്ങൾ നടക്കുന്നതിനിടയിലാണ് ഇ.ഡിയുടെ ഈ നിർണ്ണായക നീക്കം. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകാൻ പി.എം.എ.ൽ.എ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഇ.ഡിയുടെ ഈ ആവശ്യത്തെ സി.എം.ആർ.എൽ ശക്തമായി എതിർത്തിരുന്നെങ്കിലും അവരുടെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് പ്രത്യേക കോടതി രേഖകൾ കൈമാറാൻ നിർദ്ദേശിച്ചത്.
കോടതി ഉത്തരവനുസരിച്ച് സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുകൾ, ഇരുകമ്പനികളും തമ്മിലുള്ള കത്തുകൾ, ടി. വീണയുടെ മുൻ മൊഴി, സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ, വീണയുടെയും എക്സാലോജിക് കമ്പനിയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങി 54 വാല്യങ്ങളിലായി സമർപ്പിച്ചിട്ടുള്ള 134 സുപ്രധാന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഇ.ഡിക്ക് ലഭ്യമാകും. ഒരു അന്വേഷണ ഏജൻസി സമർപ്പിച്ച രേഖകളും മൊഴികളും മറ്റൊരു ഏജൻസിക്ക് കൈമാറരുതെന്നായിരുന്നു സി.എം.ആർ.എൽ കോടതിയിൽ വാദിച്ചത്. എന്നാൽ, അന്വേഷണ ഏജൻസി എന്ന നിലയിൽ ഇ.ഡിക്ക് രേഖകൾ നൽകുന്നതിൽ നിയമപരമായ തെറ്റില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഈ രേഖകൾ കൂടി കൈപ്പറ്റുന്നതോടെ കേസിലെ തുടർനടപടികൾ അതിവേഗത്തിലാക്കാനാണ് ഇ.ഡി ലക്ഷ്യമിടുന്നത്.



