വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യു.എസ് – ഇറാൻ യുദ്ധം കനക്കുന്നതിനിടെ ഇറാനെതിരെ അതീവ ഗുരുതരമായ സൈനിക വെല്ലുവിളിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇന്ന് രാത്രി ഇറാനെതിരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ‘അതിശക്തമായ വ്യോമാക്രമണം’നടത്തുമെന്നും, അധികം വൈകാതെ തന്നെ ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. സമാധാന കരാറിനായുള്ള ചർച്ചകളോട് ഇറാൻ അനുകൂലമായി പ്രതികരിക്കാത്തതാണ് ട്രംപിനെ പെട്ടെന്നുള്ള ഈ സൈനിക നീക്കത്തിന് പ്രേരിപ്പിച്ചത്.
ഇറാൻ തങ്ങളുടെ നാവിക-വ്യോമ സേനകളും റഡാർ സംവിധാനങ്ങളും വ്യോമപ്രതിരോധ ശേഷിയും ഇതിനകം തന്നെ യു.എസ് ആക്രമണങ്ങളിൽ പൂർണ്ണമായി തകർന്ന നിലയിലാണെന്ന് ട്രംപ് അവകാശപ്പെട്ടു. മുൻപ് വെനിസ്വേലയിൽ ചെയ്തതുപോലെ, വരും ദിവസങ്ങളിൽ പേർഷ്യൻ ഉൾക്കടലിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിന്റെയും ഇറാന്റെ മറ്റ് പ്രകൃതിവാതക-എണ്ണ വിപണികളുടെയും പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന കേന്ദ്രമാണ് ഖാർഗ് ദ്വീപ് എന്നതിനാൽ, ഇത് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന മേഖലയിലെ യുദ്ധസാഹചര്യം കൂടുതൽ വഷളാക്കിയിട്ടുണ്ട്. സമാധാന ഉടമ്പടിക്ക് തൊട്ടടുത്തെത്തിയിട്ടും ഇറാൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോയി അമേരിക്കയെ ചതിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രംപ് ആരോപിച്ചിരുന്നു.
ഇന്ന് പുലർച്ചെ മിഡിൽ ഈസ്റ്റിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് പുതിയ വ്യോമാക്രമണം അമേരിക്ക ആസൂത്രണം ചെയ്യുന്നത്. തുടർച്ചയായ മൂന്നാം രാത്രിയാണ് അമേരിക്ക ഇറാനെ ബോംബെറിഞ്ഞ് തകർക്കാൻ ഒരുങ്ങുന്നത്. യു.എസിന്റെ ഈ നീക്കം രണ്ട് മാസമായി നിലനിന്നിരുന്ന താല്ക്കാലിക വെടിനിർത്തൽ കരാറിനെ പ്രായോഗികമായി പൂർണ്ണമായും ഇല്ലാതാക്കിയെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വരാനിരിക്കുന്ന കനത്ത പ്രത്യാഘാതങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കൻ ഭരണകൂടത്തിനായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, ജനങ്ങൾ ദുരിതത്തിലാകുമെന്നതിനാൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തൽക്കാലം ആക്രമിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മേഖല വീണ്ടുമൊരു സമ്പൂർണ്ണ യുദ്ധത്തിന്റെ നിഴലിലാണ്.



