മലപ്പുറം: മലപ്പുറം അരീക്കോട്ട് സഹോദരങ്ങളായ രണ്ട് പിഞ്ചുകുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് നാട്. അരീക്കോട് കിളിക്കല്ലിങ്ങലിൽ ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ അഫിയ (നാലാം ക്ലാസ് വിദ്യാർത്ഥിനി), അഫ്നാൻ (മൂന്നാം ക്ലാസ് വിദ്യാർത്ഥി) എന്നിവരാണ് വീടിന് സമീപത്തെ കുളത്തിൽ മരണപ്പെട്ടത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികൾ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കുളത്തിൽ കുളിക്കാനായി പോയതായിരുന്നു.
ഏറെ സമയമായിട്ടും കുട്ടികൾ തിരികെ വീട്ടിൽ എത്താതിനെ തുടർന്ന് ആശങ്കാകുലരായ വീട്ടുകാരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തി. ഈ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കുളത്തിൽ നിന്നും കണ്ടെടുത്തത്. ഉടൻ തന്നെ കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഒരേ വീട്ടിലെ രണ്ട് കുട്ടികൾ ഒരുമിച്ച് മരണപ്പെട്ടത് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.



