ഡൽഹിയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്ത് മരിച്ചു; എട്ടുപേർക്ക് പരിക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി വൻ തീപ്പിടിത്ത ദുരന്തം. തെക്കുകിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ ഗോവിന്ദ്പുരി പ്രദേശത്തുള്ള ആറുനില പാർപ്പിട സമുച്ചയത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്ത് മരിച്ചു. പരിക്കേറ്റ എട്ടുപേരെ കനത്ത പുകയിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഓഖ്‌ല ഫയർ സ്റ്റേഷൻ പരിധിയിലുള്ള മധ്യം മാർഗിലെ നയാ താര അപ്പാർട്ട്മെന്റിന് സമീപമുള്ള കെട്ടിടത്തിലാണ് പുലർച്ചെ രണ്ടരയോടെ വൻ ദുരന്തമുണ്ടായത്. പങ്കജ് (28), അമ്മ ഗുഡ്ഡി (50), സഹോദരി സോണി (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മറ്റൊരു സഹോദരിയായ മോനിയും 70 വയസ്സുള്ള മുത്തശ്ശിയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

തറനിലയിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നതെന്ന് ഒഫീഷ്യൽസ് അറിയിച്ചു. പാർക്കിങ് ഏരിയയിൽ ചാർജ്ജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടർ ഉൾപ്പെടെ ഏഴോളം ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായി കത്തിയമർന്നു. വാഹനങ്ങൾ കത്തിയതിനെത്തുടർന്ന് ഉണ്ടായ മാരകമായ കറുത്ത പുക കെട്ടിടത്തിന്റെ ഗോവണികളിലൂടെ മുകളിലെ നിലകളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു. പുലർച്ചെ എല്ലാവരും ആഴത്തിലുള്ള ഉറക്കത്തിലായിരുന്ന സമയത്താണ് അപകടമുണ്ടായത് എന്നതിനാൽ ആർക്കും പെട്ടെന്ന് കെട്ടിടത്തിന് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ സാധിച്ചില്ല. കെട്ടിടത്തിന്റെ താഴത്തെ മൂന്ന് നിലകൾ പൂർണ്ണമായും മുകളിലെ നിലകൾ ഭാഗികമായും കത്തിയമർന്നു.

തീപിടിത്ത വിവരമറിഞ്ഞ് ലോക്കൽ പോലീസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നാല് ഫയർ ടെൻഡറുകളും ക്യാറ്റ്‌സ് ആംബുലൻസുകളും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴികൾ ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടന്നുപോകാൻ വലിയ തടസ്സമുണ്ടാക്കി. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിന്റെ ടെറസിലേക്ക് മതിൽ വഴി കയറുകയും അവിടെ ലോക്ക് ചെയ്തിരുന്ന ഗേറ്റ് തകർത്ത് അകത്തുകയറിയാണ് പുകയിൽ ശ്വാസം മുട്ടി ബോധരഹിതരായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന എട്ടുപേരെ രക്ഷപ്പെടുത്തിയത്. ഇവരെ എയിംസ് (AIIMS) ട്രോമ സെന്ററിലും സഫ്ദർജങ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പുലർച്ചെ 3:45-ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു. ഈ അടുത്ത കാലത്തായി ഡൽഹിയിൽ തീപ്പിടിത്ത ദുരന്തങ്ങൾ വൻതോതിൽ വർധിച്ചുവരികയാണ്. മുൻപ് ജൂൺ 3-ന് ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഒരു റസ്റ്ററന്റിലുണ്ടായ സമാനമായ വൻ തീപ്പിടിത്തത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles