നിതിൻ രാജിന്റെ ആത്മഹത്യ: ലോൺ ആപ്പ് തട്ടിപ്പുകാരൻ ഡൽഹിയിൽ നിന്ന് അറസ്റ്റിൽ; കേസിൽ നാലാം അറസ്റ്റ്

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഓൺലൈൻ ലോൺ ആപ്പ് ജീവനക്കാരനും ഉത്തർപ്രദേശ് നോയിഡ സ്വദേശിയുമായ സൗരവ് കുമാർ (24) ആണ് ഡൽഹിൽ വെച്ച് പിടിയിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി ഉയർന്നു.

തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് കഴിഞ്ഞ ഏപ്രിൽ 10-നാണ് കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഓൺലൈൻ ലോൺ ആപ്പുകളുടെ മാരകമായ ഭീഷണിയും പീഡനവും വിദ്യാർത്ഥി നേരിട്ടിരുന്നതായി കണ്ടെത്തിയത്. നിതിൻ രാജ് ഓൺലൈൻ ആപ്പ് വഴി പതിനയ്യായിരം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ പലിശ നിരക്കുകൾ കുത്തനെ കൂട്ടിയ ശേഷം, പണം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ട് സൗരവ് കുമാർ അടക്കമുള്ള ലോൺ റിക്കവറി ഏജന്റുമാർ നിതിനെയും നിതിന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും നിരന്തരമായി വിളിച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഈ കടുത്ത മാനസിക സമ്മർദ്ദമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

അതേസമയം, ലോൺ ആപ്പ് മാഫിയയുടെ പീഡനങ്ങൾക്ക് പുറമെ കോളേജിലെ അധ്യാപകരിൽ നിന്ന് നിതിൻ രാജ് നേരിട്ട ജാതീയ അധിക്ഷേപങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണം നടത്തിവരികയാണ്. നിതിന്റെ നിറത്തെയും ജാതിയെയും പരിഹസിച്ചും പരീക്ഷകളിൽ മാർക്ക് കുറച്ചും ഡെന്റൽ അനാട്ടമി വിഭാഗം തലവൻ ഉൾപ്പെടെയുള്ള ചില അധ്യാപകർ കുട്ടിയെ ക്രൂരമായി മാനസിക പീഡനത്തിന് ഇരയാക്കിയതായി കുടുംബം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും (SC/ST Act) കേസ് നിലവിലുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് ലോൺ ആപ്പ് പ്രതികളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles