ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ സി.പി.എമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോന്നി മുൻ എം.എ.എയുമായ എ. പത്മകുമാറിനെ സി.പി.ഐ.എമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടിയുടെ എല്ലാവിധ ഔദ്യോഗിക ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഇദ്ദേഹത്തെ നീക്കിയതായി സി.പി.എം നേതൃത്വം അറിയിച്ചു. മുതിർന്ന നേതാവ് തോമസ് ഐസക് ഉൾപ്പെടെ പങ്കെടുത്ത അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിലാണ് പത്മകുമാറിനെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കർശനമായ നിർദ്ദേശത്തെ തുടർന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇപ്പോൾ സസ്‌പെൻഷൻ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. കേസിൽ കുറ്റാരോപിതരായ ഒരു കളങ്കിതരെയും പാർട്ടി സംരക്ഷിക്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം.

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണ്ണം കവർച്ച ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും പത്മകുമാറിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങളോളം തടവിൽ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം നിലവിൽ ജാമ്യത്തിലിറങ്ങിയത്. സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായതായി സി.പി.എം വിലയിരുത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം, തനിക്കെതിരെ നടപടിയുണ്ടായാൽ പാർട്ടിയിലെ വൻ സ്രാവുകളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള പല രഹസ്യങ്ങളും പരസ്യമായി തുറന്നുപറയേണ്ടി വരുമെന്ന് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് സൂചന നൽകിയിരുന്നു. ഇത് പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരുന്നു.

പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഒടുവിൽ സസ്‌പെൻഷൻ നടപടികളിലേക്ക് സി.പി.എം കടന്നത്. പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിൽ നിന്നും പാർട്ടി ഔദ്യോഗികമായി വിശദീകരണം തേടും. നിലവിൽ എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ എന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല. അതേസമയം, പാർട്ടിയുടെ ഈ അച്ചടക്ക നടപടിയോട് പ്രതികരിച്ചുകൊണ്ട് സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന വൻ വെളിപ്പെടുത്തലുകളിലേക്ക് പത്മകുമാർ വരും ദിവസങ്ങളിൽ മുതിരുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles