:തിരൂർ : താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ വി.പി.ഒ അസ്കർ മാസ്റ്റർ മരണപ്പെട്ടു. 58 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കെ.പുരം എസ്.എം യു.പി സ്കൂൾ അധ്യാപിക ബുഷ്റയാണ് ഭാര്യ.
എം.എസ്.എഫിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം പി.എസ്.എം.ഒ കോളേജ് യൂണിറ്റ് ഭാരവാഹിയായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. മുസ്ലിം ലീഗ് താനാളൂർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, നിയോജകമണ്ഡലം സെക്രട്ടറി എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും മൂലക്കൽ മസ്ജിദുന്നൂർ സെക്രട്ടറിയായും നടക്കാവ് ജുമാ മസ്ജിദ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
നാടിന്റെ സൗഹാർദ്ദവും ഒത്തൊരുമയും എന്നും നിലനിൽക്കണമെന്ന് ആഗ്രഹിച്ച അസ്കർ മാസ്റ്റർ മലപ്പുറത്തിന്റെ മതസൗഹാർദ്ദത്തിന്റെ വലിയൊരു മാതൃകയായിരുന്നു. മൂലക്കൽ ചേന്ദംകുളങ്ങര ശ്രീ തണ്ണീർ ഭഗവതി ക്ഷേത്രത്തിലെ നാഗത്തറ മാറ്റി സ്ഥാപിക്കുന്നതിനായി ക്ഷേത്ര ഭാരവാഹികൾ ഭൂമിക്കായി ബുദ്ധിമുട്ടിയപ്പോൾ, തന്റെ കൈവശമുണ്ടായിരുന്ന രണ്ടര സെന്റ് സ്ഥലം ക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കാനായി സൗജന്യമായി വിട്ടുനൽകുകയായിരുന്നു. സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലമാണ് യാതൊരു പ്രതിഫലവും വാങ്ങാതെ അദ്ദേഹം ക്ഷേത്രത്തിനായി നൽകിയത്.
നാടിന്റെ മതമൈത്രിയാണ് ഏറ്റവും വലിയ കാര്യമെന്നും, മരണപ്പെടുമ്പോൾ നമ്മൾ ഒന്നും കൊണ്ടുപോകില്ലെന്നും നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ മാത്രമേ ബാക്കിയുണ്ടാകൂ എന്നും അദ്ദേഹം അന്ന് ഓർമ്മിപ്പിച്ചിരുന്നു. സമീപത്തെ അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതിനും അദ്ദേഹം സൗജന്യമായി ഭൂമി വിട്ടുനൽകിയിട്ടുണ്ട്.
ഭൂമിക്കായി മനുഷ്യർ പരസ്പരം പോരടിക്കുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യത്വവും മതസൗഹാർദ്ദവും ഉയർത്തിപ്പിടിച്ച ജനപ്രിയനായ ഒരു ജനപ്രതിനിധിയെയാണ് അസ്കർ മാസ്റ്ററുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായിരിക്കുന്നത്.



