മോദി സർക്കാർ താഴെയിറങ്ങാതെ മകൻ ജയിൽ മോചിതനാകുമെന്ന് കരുതുന്നില്ല: സബീഹ ഖാൻ

ന്യൂഡൽഹി: കേന്ദ്രത്തിലെ മോദി സർക്കാർ അധികാരത്തിൽ നിന്ന് താഴെയിറങ്ങാതെ തന്റെ മകൻ ഉമർ ഖാലിദ് ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്ന് കരുതുന്നില്ലെന്ന് മാതാവ് സബീഹ ഖാൻ. ആറ് വർഷമായി മകൻ തടവറയിലാണെങ്കിലും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. എങ്കിലും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ശരിയായ വിധി നൽകുന്ന ഒരു ജഡ്ജി ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായും അവർ വ്യക്തമാക്കി. ഉമർ ഖാലിദ് രചിച്ച ‘Fractured Communities: Adivasi Histories and the Politics of Power’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സബീഹ ഖാൻ.

ഉമറിന്റെ 39-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ദീർഘകാലത്തെ ജയിൽവാസത്തിനിടയിലും വലിയ ധൈര്യത്തോടെയാണ് ഉമർ സാഹചര്യങ്ങളെ നേരിടുന്നതെന്നും നിലപാടുകൾ ജനങ്ങളിലെത്തിക്കാൻ അദ്ദേഹം എഴുത്തിനെ ഉപയോഗിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 2020-ലെ ഡൽഹി കലാപക്കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലായ മുൻ ജെ.എൻ.യു ഗവേഷകനും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. അതേസമയം, ഉമർ ഖാലിദിന്റെ വിഷയത്തിൽ പ്രതിപക്ഷം പുലർത്തുന്ന മൗനത്തെയും അവർ രൂക്ഷമായി വിമർശിച്ചു. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമാകാം പ്രതിപക്ഷത്തിന്റെ ഈ മൗനത്തിന് കാരണമെന്ന് അവർ ചൂണ്ടിക്കാട്ടി.

ഉമർ ഖാലിദിനെ ‘ദേശദ്രോഹി’യായി ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഭരണകൂടം നിശ്ചയിച്ച പരിധിക്കപ്പുറം സംസാരിച്ചാൽ ഉമറിന് സംഭവിച്ചതുപോലുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന ഭയപ്പെടുത്തുന്ന സന്ദേശമാണ് മുസ്ലിം യുവാക്കൾക്ക് നൽകുന്നതെന്നും സബീഹ ഖാൻ കൂട്ടിച്ചേർത്തു.

 

 

Related Articles

- Advertisement -spot_img

Latest Articles