മലപ്പുറം: യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരുകയും അതിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പരിയാപുരം മൂസാന്റെ പുരക്കൽ സാദിഖ് (32), പട്ടരുപറമ്പ് കെ. പുരം പാലേരി വീട്ടിൽ ഫാസിൽ (32) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആലത്തിയൂരിലെ ക്ലബ്ബിൽ ഇരിക്കുകയായിരുന്ന പരാതിക്കാരനോട് പ്രതികൾ സുഹൃത്തിനെ കാണിച്ചുതരാൻ ആവശ്യപ്പെടുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സുഹൃത്തിനെ ലഭിക്കാതിരുന്നതോടെ പ്രകോപിതരായ പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ ഫോൺ തട്ടിയെടുക്കുകയായിരുന്നു. നിർബന്ധപൂർവ്വം ഫോണിന്റെ പാസ്വേഡ് കൈക്കലാക്കിയ ഇരുവരും, പോലീസിൽ പരാതി നൽകിയാൽ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി യുവാവിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് അപമാനിക്കുകയായിരുന്നു.
അറസ്റ്റിലായ സാദിഖിനെതിരെ താനൂർ, പരപ്പനങ്ങാടി, തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനുകളിൽ മുൻപും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തിരൂർ ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പള്ളിയുടെ മേൽനോട്ടത്തിൽ എസ്.ഐമാരായ സുജിത്ത്, നസീർ, എ.എസ്.ഐ സനോജ്, പോലീസ് ഉദ്യോഗസ്ഥരായ ഇന്ദ്രജിത്ത്, ഷെമിത്ത് ലാൽ, ടോണി, അനന്തു, ഷിൻസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



