ന്യൂഡൽഹി: കോടതിയിലെ തന്റെ ‘പാറ്റ’ പരാമർശം യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനായി മനപൂർവ്വം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. പരാമർശങ്ങൾ പ്രസ്താവിച്ച സാഹചര്യം പോലും പരിഗണിക്കാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും ഡി.ഡി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പറയാത്ത കാര്യങ്ങൾ പറഞ്ഞതുപോലെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും വാക്കാലുള്ള പരാമർശങ്ങളെ തെറ്റായി ഉദ്ധരിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെയ് 15-ന് സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ വ്യാജ ബിരുദങ്ങൾ കൈവശം വയ്ക്കുകയും ഭരണസംവിധാനത്തെ ആക്രമിക്കാൻ സോഷ്യൽ മീഡിയ അല്ലെങ്കിൽ ആർ.ടി.ഐ പ്രവർത്തകരായി മാറുകയും ചെയ്യുന്നവരെ ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചിരുന്നു. ഇത് യുവാക്കൾക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമാവുകയും ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന പേരിൽ പരിഹാസരൂപേണയുള്ള ഓൺലൈൻ പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. ഈ പ്രതിഷേധമാണ് പിന്നീട് നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സമരങ്ങളിലേക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നതിലേക്കും നയിച്ചത്.
നീതിന്യായ വ്യവസ്ഥയിൽ സുതാര്യത ഉറപ്പാക്കാനാണ് സുപ്രീം കോടതി നടപടികൾ ലൈവ് സ്ട്രീമിംഗ് ചെയ്യാൻ തുടങ്ങിയതെന്നും എന്നാൽ അത് വാണിജ്യ ആവശ്യങ്ങൾക്കോ സാമ്പത്തിക ലാഭങ്ങൾക്കോ ആയി ദുരുപയോഗം ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. കോടതി നടപടികളുടെ ഓഡിയോ-വീഡിയോ റെക്കോർഡിംഗുകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും ലാഭമുണ്ടാക്കാൻ ഉപയോഗിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പരാമർശിക്കവെ, സുതാര്യത ഒരിക്കലും വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള ആയുധമായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.



