ഗുണ്ടകളെ വളർത്തുന്നവർ മര്യാദയ്ക്ക് ഇരിക്കണം, വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊല്ലം: സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം അനുവദിക്കില്ലെന്നും, അവരെ പോറ്റി വളർത്തുന്നവർ മര്യാദയ്ക്ക് ഇരിക്കുന്നതാണ് നല്ലതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഗുണ്ടകളെ സഹായിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സമൂഹത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും ഗുണ്ടകളും അധികം സ്മാർട്ട് ആകാൻ നോക്കേണ്ടതില്ലെന്നും, നിരപരാധികളായ ആരെയും ഉപദ്രവിക്കാതെ നിയമപരമായ രീതിയിൽ പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗതമിന്റെ അമ്മയെ കണ്ട് ആശ്വസിപ്പിച്ച ആഭ്യന്തരമന്ത്രി, കാണാതായവർക്കായുള്ള തിരച്ചിൽ സജീവമായി തുടരുമെന്ന് ഉറപ്പുനൽകി. വിഷയത്തിൽ കോസ്റ്റ് ഗാർഡ് ഐ.ജിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. നിലവിൽ കോസ്റ്റൽ പോലീസിനുള്ള സൗകര്യ പരിമിതികൾ ഉടൻ തന്നെ പരിഹരിക്കുമെന്നും ദുരിതത്തിലായ കുടുംബത്തിന് സഹായം നൽകുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles